കാസര്‍കോട് (www.evisionnews.in): കെ റെയില്‍ പദ്ധതിയുടെ ഇരകള്‍ സ്ഥലം പോകുന്നവര്‍ മാത്രമല്ല കേരളം മൊത്തം ഇരകളായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. വിനാശകരമായ കെ റെയില്‍ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യവുമായി കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നടത്തുന്ന സംസ്ഥാന സമര ജാഥ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
41 നദികള്‍ ഉത്ഭവിക്കുന്ന പശ്ചിമഘട്ട മലനിരകള്‍ തകര്‍ത്താല്‍ പോലും പദ്ധതിക്ക് ആവശ്യമായ കല്ലും മണ്ണും കിട്ടില്ല. 300 മീറ്റര്‍ നീളമുള്ള വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ കല്ല് പോലും കിട്ടാതെ വിഴിഞ്ഞം പദ്ധതി അനിശ്ചിതമായി നീണ്ടുപോകുന്നു. അതിനിടയിലാണ് കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയെ പറ്റി മുഖ്യമന്ത്രിക്കോ, മന്ത്രിമാര്‍ക്കോ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ബ്യൂറോക്രസിക്കോ ജനങ്ങളോട് പറയാന്‍ പറ്റുന്നില്ല. തുടര്‍ ഭരണം ലഭിച്ച അഹങ്കാരത്തില്‍ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ജനങ്ങളെ മൊത്തം അണിനിരത്തി ഇതിനെതിരെ പോരാടും.കേരളത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള സമര ജാഥ സര്‍ക്കാറിന്റെ കണ്ണും കാതും തുറപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചെയര്‍മാന്‍ എംപി ബാബുരാജ് അധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍ സ്വാഗതം പറഞ്ഞു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി,
മുന്‍ എംഎല്‍എമാരായ എംസി ഖമറുദ്ദീന്‍, കെ പി കുഞ്ഞിക്കണ്ണന്‍, ജോസഫ് എം പുതുശേരി, ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് അസീസ് മരിക്കെ, സെക്രട്ടറി മൂസ ബി ചെര്‍ക്കള, സിആര്‍ നീലകണ്ഠന്‍, പ്രൊഫ. കുസുമം ജോസഫ്, അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍ ,ടിടി ഇസ്മായില്‍, വി കെ രവീന്ദ്രന്‍,ജോണ്‍ പെരുവന്താനം, അഡ്വ. ജോണ്‍ ജോസഫ്, പിടി ജോണ്‍, ഷൈല കെ ജോണ്‍, കെ കെ സുരേന്ദ്രന്‍, ശരണ്യ രാജ്, മിനി കെ ഫിലിപ്പ്, ടിവി രാജേന്ദ്രന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍,ഹനീഫ നെല്ലിക്കുന്ന്, സിഎം അഷറഫ്, സിഎ യൂസഫ് പ്രസംഗിച്ചു.
Post a Comment
0 Comments