കേരളം (www.evisionnews.in): സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കടുത്ത വിമര്‍ശനം. കോണ്‍ഗ്രസിനോടുള്ള നിലപാടിന്റെ പേരിലും ഉക്രൈന്‍ യുദ്ധത്തില്‍ കൃത്യമായ നിലപാട് എടുക്കാത്തതിന്റെ പേരിലുമാണ് വിമര്‍ശനം ഉയര്‍ന്നത്. പൊതുചര്‍ച്ചയില്‍ പൊലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്.
കോണ്‍ഗ്രസിനെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്ന് എതിര്‍ക്കുന്നില്ലെന്നാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശനം. കോണ്‍ഗ്രസ് ഉള്‍പ്പെട്ട ബദലിനേക്കാള്‍ ഇടതു ബദലിനെ ശക്തമായി ഉയര്‍ത്തിക്കാണിക്കുന്നില്ല. സംസ്ഥാന സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ യെച്ചൂരി ശക്തമായ നിലപാട് എടുക്കാത്തതും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് കരട് രാഷ്ട്രീയ പ്രമേയം പറയുന്നുണ്ടെങ്കിലും ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല എന്നതിന്റെ സൂചനയാണ് വിമര്‍ശനങ്ങള്‍.
ഉക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെ ശക്തമായ നിലപാട് ഇല്ലെന്ന വിമര്‍ശനവും കേന്ദ്ര നേതൃത്വത്തിനെതിരെ ഉയര്‍ന്നു. റഷ്യക്കെതിരെയോ യുദ്ധത്തിനെതിരെയോ കഴിഞ്ഞ ദിവസം സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പരാമര്‍ശം ഇല്ല. നിരവധി മലയാളികളുടെ ജീവന്‍ അപകടത്തിലായ സാഹചര്യവും ചിലര്‍ ചൂണ്ടിക്കാട്ടി. ഉക്രൈന്‍ വിഷയത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നീട് യെച്ചൂരി മറുപടി പറയും.
Post a Comment
0 Comments