കാസര്‍കോട് (www.evisionnews.in): കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ 64-ാമത് സംസ്ഥാന സമ്മേളനം നാളെ മുതല്‍ 12 വരെ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. 'ബഹുസ്വരത രാഷ്ട്ര എന്ന പ്രമേയവുമായി നടക്കുന്ന സമ്മേളനത്തില്‍ വിദ്യാഭ്യാസ സാംസ്‌കാരിക ഭാഷ സമ്മേളനങ്ങളും അനുസ്മരണ സമ്മേളനവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രാവിലെ 10 മണിക്ക് കാസര്‍കോട് ജില്ലാ നേതൃസംഗമവും ഉച്ചയ്ക്ക് രണ്ടുമണിക്ക് അറബിക് സെമിനാറും നടക്കും. നാളെ ഉച്ചക്ക് രണ്ടിന് കെഎടിഎഫ് സംസ്ഥാന പ്രസിഡന്റ് എംപി അബ്ദുല്‍ ഖാദര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. മൂന്നിന് നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി പികെ ശാക്കിര്‍ വിശദീകരിക്കും.
14 ജില്ലാ സെക്രട്ടറിമാരും ജില്ലാതല റിപ്പോര്‍ട്ടിങ് നടത്തും. സംസ്ഥാന സെക്രട്ടറി കെ. നൂറുല്‍ അമീന്‍ ചര്‍ച്ച ക്രോഡീകരണം നടത്തും.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോടുള്ള ആദര സൂചകമായി സമ്മേള നത്തിന്റെ ഭാഗമായി നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന സമ്മേളനം, പൊതുസമ്മേളനം എന്നിവ ഒഴിവാക്കി. സമ്മേളനം തുടങ്ങുന്നത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തോടെയാണ്. വൈകിട്ട് 4.30ന് അനുസ്മരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. രാത്രി 7.30ന് സമ്പൂര്‍ണ സംസ്ഥാന കൗണ്‍സില്‍ മീറ്റ് നടക്കും. സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്ക് കൗണ്‍സില്‍ രൂപം നല്‍കും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
മാര്‍ച്ച് 12ന് സമ്പൂര്‍ണ സമ്മേളനത്തിന് നഗരി സാക്ഷിയാകും. 1500 ഓളം പ്രതിനിധി കകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. രാവിലെ 9.30ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍എ നെല്ലി ക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി മുഖ്യാതിഥിയാകും. എസ്എസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍, ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്‌മാന്‍ പ്രഭാഷണം നടത്തും. 11 മണിക്ക് ഭാഷാസമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി അധ്യക്ഷത വഹിക്കും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയാകും. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെഫിറോസ്,സേവ് എജുക്കേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിര്‍ഖാന്‍ കൊല്ലം,ടികെഅഷ്‌റഫ് എന്നിവര്‍ പ്രഭാഷണം നടത്തും.
ഉച്ചക്ക് ഒരുമണിക്ക് നടക്കുന്ന സംഘടന സമ്മേളനം കെ. മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. കെഎടിഎഫ് സീനിയര്‍ വൈസ് പ്രസിഡന്റ് എംഎ ലത്തീഫ് അധ്യക്ഷത വഹിക്കും. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ വിഎം മുനീര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തും. 2.30ന് യാത്രയയപ്പ് സമ്മേ ളനം പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കെഎടിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എംഎ സാദിഖ് അധ്യക്ഷത വഹിക്കും. കല്ലട്ര മാഹിന്‍ ഹാജി മുഖ്യാതിഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ കെഎടിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടിപി അബ്ദുല്‍ ഹഖ്, ട്രഷറര്‍ മാഹിന്‍ ബാഖവി, മീഡിയ കണ്‍വീനര്‍ ഹമീദ് കുണിയ, പിപി നസീമ, എംടിപി ഷാഹിദ്, യൂസുഫ് ആമത്തല, യഹ്‌യ ഖാന്‍, നൗഫല്‍ ഹുദവി, ലത്തീഫ് പാണലം പങ്കെടുത്തു.