കാസര്‍കോട്: (www.evisionnews.in) ഉളിയത്തടുക്കയില്‍ ബൈക്കിലെത്തിയ നാലംഗ സംഘം പെട്രോള്‍ പമ്പ് അടിച്ചു തകര്‍ത്തു. സംഭവത്തില്‍ രണ്ടു പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹിദായത്ത് നഗര്‍ സ്വദേശിയായ അബ്ദുല്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള എ.കെ സണ്‍സ് പെട്രോള്‍ പമ്പാണ് ഒരു സംഘം ഗുണ്ടകള്‍ ചേര്‍ന്ന് അടിച്ചുതകര്‍ത്തത്.
ശനിയാഴ്ച രാത്രി ആറുമണിയോടെയാണ് സംഭവം. ഒരു വര്‍ഷം മുമ്പ് ഇതേ പമ്പ് കുത്തിതുറന്ന് പണം കവര്‍ന്ന കേസിലെ പ്രതിയായ ബര്‍മിനടുക്ക സ്വദേശി സാബിത്ത് പെട്രോളടിക്കാനായി പമ്പില്‍ എത്തിയിരുന്നു. എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാബിത്തിന്റെ സഹോദരനായ അനീസും മറ്റു നാലു സുഹൃത്തുക്കളും എത്തി പമ്പുടമ അബ്ദുല്‍ അസീസിന്റെ സഹോദരന്‍ അബ്ദുല്‍ സലാമി (35)നെ മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ അബ്ദുല്‍ സലാമിനെ കാസര്‍കോട് മാലിക് ദിനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് രാത്രി ഒരു മണിയോടെ വീണ്ടും സാബിത്തിന്റെ മറ്റൊരു സഹോദരനായ അഷ്ഫാഖ്, സുഹൃത്തുക്കളായ റാഫി, നവാസ്, അബ്ബാസ്, എന്നിവര്‍ ബൈക്കിലെത്തുകയും പെട്രോള്‍ പമ്പ് അടിച്ച് തകര്‍ക്കുകയും ചെയ്യുകയായിരുന്നു. പെട്രോള്‍ പമ്പ് ഓഫീസ് റൂം, തൊട്ടടുത്തുള്ള കോഫീ പോപ്പ്, ഓയില്‍ റും എന്നിവ പൂര്‍ണമായും അടിച്ചു തകര്‍ത്തു. സംഭവത്തില്‍ രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പമ്പുടമ അബ്ദുല്‍ അസീസ് പറഞ്ഞു. വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാബിത്തിന്റെ സഹോദരന്‍ അനീസ്, സുഹൃത്ത് റാഫി എന്നിവരെ വിദ്യാനഗര്‍ സി.ഐ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. പെട്രോള്‍ പമ്പ് തകര്‍ത്ത് പണം കവര്‍ന്ന കേസിലെ പ്രതിയായ സാബിത്ത് കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പമ്പ് തകര്‍ത്ത് പണം കവര്‍ന്ന നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ജില്ലയിലെ ഗുണ്ടാ അക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
പെട്രോള്‍ പമ്പ് അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ച് പെട്രോളിയം ഓണേഴ്സ് അസോസിയേഷന്‍ നാളെ വൈകിട്ട് 2 മണിമുതല്‍ അഞ്ചു മണിവരെ ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും.
Post a Comment
0 Comments