കാസര്‍കോട് (www.evisionnews.in): കെ-റെയില്‍ സംബന്ധമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ ഡിജിറ്റല്‍ ഹാന്റ് ബുക്ക് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായി പ്രകാശനം ചെയ്തു. പ്രതിപക്ഷ സംഘടനകള്‍ ആദ്യം മുതലേ ഉയര്‍ത്തിയ വസ്തുതാപരമായ വിമര്‍ശനങ്ങള്‍ ശരിയായിരുന്നു എന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിലൂടെയും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലൂടെയും ബോധ്യമായിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.
എന്നാല്‍ ജനപക്ഷത്ത് നിന്ന് കൊണ്ട് കെ റെയില്‍ പദ്ധതിയുടെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുകയും ഇരകളോടൊപ്പം ചേര്‍ന്ന് സമരം നയിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ക്കെതിരെ കേസെടുത്തും സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി വ്യാപകമായ രീതിയില്‍ അപവാദ പ്രചാരണം നടത്താനുമാണ് സിപിഎം ശ്രമിച്ചത്. കെ. റെയില്‍ സംബന്ധമായ സിപിഎമ്മിന്റെ പൊള്ളത്തരങ്ങളും വസ്തുതകളും ഹാന്റ് ബൂക്കിലൂടെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വെളിച്ചത്തുകൊണ്ടുവരികയാണെന്ന് നേതാക്കള്‍ പറഞ്ഞു.
കെ-റെയില്‍ പദ്ധതി തുടങ്ങുന്ന കാസര്‍കോട് നടന്ന പ്രകാശന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിക്ക് വേണ്ടി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സെക്രട്ടറി റഫീഖ് കേളോട് സംബന്ധിച്ചു. സര്‍ക്കാരിന്റെ വസ്തുത വിരുദ്ധമായ അവകാശവാദങ്ങള്‍, സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്, പാരിസ്ഥിതിക പ്രശ്നങ്ങള്‍, പദ്ധതിയുടെ പ്രായോഗികത, എന്തുകൊണ്ട് ഈ പദ്ധതിയെ എതിര്‍ക്കുന്നു, ബദല്‍ മാര്‍ഗ്ഗങ്ങള്‍ മുതലായവയാണ് ഈ ഡിജിറ്റല്‍ ഹാന്റ് ബുക്കിലുള്ളത്. ഹാന്റ് ബുക്കിന്റെ പി.ഡി.എഫ് കോപ്പി ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയിരിക്കയാണ്.
Post a Comment
0 Comments