കാസര്‍കോട് (www.evisionnews.in): കടലിന്റെയും കടലിന്റെ മക്കളുടെയും സുരക്ഷയ്ക്കായി നിര്‍മിച്ച ഫിഷറീസ് സ്റ്റേഷന് ഒടുവില്‍ ശാപമോക്ഷം. ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതോടെയാണ് പദ്ധതിക്ക് ജീവന്‍ വെക്കുന്നുവെന്ന പ്രത്യാശയുണ്ടായത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ്-രണ്ട് എന്നിവരുടെ ഓരോ തസ്തികയും ഫിഷറീസ് ഗാര്‍ഡിന്റെ മൂന്നു തസ്തികകളും ഒരു ക്യാഷ്വല്‍ സ്വീപ്പര്‍ തസ്തികയടക്കം എട്ടു തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്.
കീഴൂര്‍ തുറമുഖത്ത് തീരദേശ വികസന കോര്‍പ്പറേഷന്‍ 50 ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച ഫിഷറീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടും നാലുവര്‍ഷത്തിലേറെയായി നോക്കുകുത്തിയായി കിടക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് മത്സ്യതൊഴിലാളികളുടെ ക്ഷേമവും സുഗമമായ മത്സ്യബന്ധനവും മുന്‍ നിര്‍ത്തി കീഴൂര്‍ തുറമുഖത്ത് ഫിഷറീസ് സ്റ്റേഷന്‍ അനുവദിച്ചത്. 2013-14ല്‍ തന്നെ കെട്ടിടം നിര്‍മാണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പണി പൂര്‍ത്തിയായി നാലുവര്‍ഷം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കമുള്ള കാരണങ്ങളാല്‍ ഉദ്ഘാടനം വൈകിപ്പിക്കുകയാണ് ഫിഷറീസ് വകുപ്പും സര്‍ക്കാറും.
മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ബോട്ടിറക്കാനാവാതെ തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ മാറിനില്‍ക്കുമ്പോഴും കര്‍ണാടക ബോട്ടുകള്‍ വലിയ വൈറ്റേജുള്ള ബള്‍ബുകള്‍ ഉപയോഗിച്ച് മത്സ്യം പിടിച്ചു കൊണ്ടുപോകുകയാണ്. ഇതിന് നിയന്ത്രണമേര്‍പ്പെടുത്താനോ അത്തരം ബോട്ടുകള്‍ പിടിച്ചുകെട്ടാനോ ഫിഷറീഷ് വകുപ്പിന് സാധിക്കുന്നില്ല.
സ്്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ആവശ്യമായ തസ്തികകള്‍ അനുവദിക്കാത്തതാണ് പ്രവര്‍ത്തനസജ്ജമാകാന്‍ കാലതാമസമുണ്ടായത്. മത്സ്യബന്ധന തൊഴിലാളികള്‍ക്കും യാനങ്ങള്‍ക്കും കടലില്‍ വേഗത്തില്‍ സുരക്ഷ ഒരുക്കുകയാണ് സ്റ്റേഷന്റെ പ്രധാന ലക്ഷ്യം. ബോട്ടുകളുടെ ലൈസന്‍സ് സംബന്ധമായ പരിശോധന, അനധികൃത മീന്‍പിടുത്തം തടയല്‍ തുടങ്ങിയവയാണ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ലഭിക്കേണ്ട പ്രവര്‍ത്തനങ്ങള്‍.
Post a Comment
0 Comments