കാസര്‍കോട് (www.evisionnews.in): ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ബാക്കിപത്രമാണ് ബി.ജെ.പിയിലെ പൊട്ടിത്തെറിയെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. തദ്ദേശഭരണ തിരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുമെല്ലാം അധികാരസ്ഥാനങ്ങള്‍ക്ക് വേണ്ടി ഇരു പാര്‍ട്ടികളും തമ്മില്‍ രഹസ്യകരാറുകള്‍ ഉണ്ടാക്കിയിരുന്നു. അധികാരത്തിനും പണത്തിനും വേണ്ടിയുള്ള പരസ്പര ധാരണയില്‍ മദ്യ-മയക്കുമരുന്ന് -ഗുണ്ടാ മാഫിയകളും കൈകോര്‍ത്തിരുന്നു.
മുസ്ലിം ലീഗ് പാര്‍ട്ടി ഇതു നേരത്തെ പറഞ്ഞപ്പോള്‍ നിഷേധിച്ചവര്‍ക്ക് ഇപ്പോള്‍ സത്യം തലകുലുക്കി സമ്മതിക്കേണ്ടി വന്നിരിക്കയാണ്. അധികാരത്തിന് വേണ്ടി ആദര്‍ശം വലിച്ചെറിയുന്ന സി.പി.എമ്മും ബി.ജെ.പിയും സത്യം തുറന്നുപറഞ്ഞ് സ്വന്തം അണികളോടെങ്കിലും മാപ്പ് പറയണം. നാഴികക്ക് നാല്‍പത് വട്ടം മറ്റുള്ളവരെ കോലീബിയെന്ന് അധിക്ഷേപിക്കുന്ന സി.പി.എം, അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും പണത്തിനും വേണ്ടി ചെങ്കൊടി ആര്‍.എസ്.എസിനു കാല്‍കീഴില്‍ പരവതാനിയാക്കി മാറ്റുകയാണ്.
ഇതൊന്നും അണികള്‍ അധികകാലം സഹിക്കില്ല എന്നതിന്റെ തെളിവാണ് ബി.ജെ.പി ഓഫീസ് സ്വന്തം പ്രവര്‍ത്തകര്‍ ഉപരോധിച്ച് താഴിട്ട് പൂട്ടിയത്. രണ്ട് പാര്‍ട്ടികളാണെങ്കിലും ഒരു മെയ്യായി പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിനും ബി.ജെ.പിക്കും രണ്ട് ഓഫീസുകളുടെ ആവശ്യമുണ്ടോ എന്ന് ഇരു പാര്‍ട്ടികളുടെയും നേതൃത്വം പരിശോധിക്കണമെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍ വോട്ട് മറിക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ നിന്നും അടുത്ത കാലത്ത് സി.പി.എമ്മില്‍ ചേക്കേറിയവര്‍ പണം കൈപ്പറ്റിയ കഥകള്‍ ഇപ്പോഴും അങ്ങാടിപ്പാട്ടണെന്നും അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.
Post a Comment
0 Comments