കാസര്‍കോട് (www.evisionnews.in): സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ബല്ലാ കടപ്പുറം ഇ.എം.എസ് ക്ലബ്ബിന് സമീപത്തെ വെല്‍ഡിങ്ങ് തൊഴിലാളി സന്തോഷ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തിന് മഡിയന്‍ ജംഗ്ഷനിലാണ് അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിക്കടിയില്‍പെടുകയായിരുന്നു. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മകന്റെ രണ്ടാം പിറന്നാളാഘോഷം ഇന്ന് നടക്കാനിരിക്കെ പുത്തന്‍ വസ്ത്രങ്ങളും കേക്കുകളും വാങ്ങി പോകുമ്പോഴാണ് സന്തോഷിനെ മരണം തട്ടിയെടുത്തത്. മകന്‍ അന്‍വിത്തിന്റെ രണ്ടാം പിറന്നാളാണിന്ന്. അപകടത്തെ തുടര്‍ന്ന് പുത്തന്‍വസ്ത്രങ്ങളും മിഠായികളും റോഡില്‍ ചിതറിക്കിടക്കുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതായിരുന്നു.
ഇന്നലെ വൈകിട്ട് വീട്ടില്‍ നിന്ന് പുറപ്പെട്ട് കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നാണ് മകന്റെ പിറന്നാള്‍ ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങി സന്തോഷ് കോട്ടിക്കുളത്തുള്ള ഭാര്യാ വീട്ടിലേക്ക് പുറപ്പെട്ടത്. ഈ യാത്രയാണ് അന്ത്യയാത്രയായത്. ഇതോടെ പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷത്താല്‍ കഴിഞ്ഞിരുന്ന വീട് കൂട്ടനിലവിളികള്‍ക്ക് വഴിമാറി. കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രത്തിനടുത്താണ് ഭാര്യ റാണിയുടെ വീട്. സന്തോഷിന്റെ വരവും കാത്തിരുന്ന വീട്ടുകാരെ തേടിവന്ന വാര്‍ത്ത കോട്ടിക്കുളത്തെ സങ്കടത്തിലാക്കി. ചന്ദ്രന്റെയും രോഹിണിയുടെയും മകനാണ് സന്തോഷ്. സഹോദരി: സൗമ്യ.
Post a Comment
0 Comments