കേരളം (www.evisionnews.in): കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ കാസര്‍കോട് നഗരസഭയുടെ നഗര കുടംബരോഗ്യ കേന്ദ്രം മികച്ച നേട്ടം സ്വന്തമാക്കി. തേര്‍ഡ് ക്ലസ്റ്ററില്‍ കാസര്‍കോട് നഗരസഭ നഗര കുടംബരോഗ്യ കേന്ദ്രം 90 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനം നേടി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വെട്ടേക്കോട്, മലപ്പുറം 92.9 ശതമാനത്തോടെ ഒന്നാം സ്ഥാനവും അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കല്‍പ്പറ്റ, വയനാട് 87.9 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ 3 ക്ലസ്റ്റര്‍ ആയി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനു സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്.
കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കിവരുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.
കാസര്‍കോട് നഗരസഭയും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്നാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. കാസര്‍കോട് നഗരസഭാ പരിധിയില്‍ ആരോഗ്യ മേഖലയില്‍ ഇടപെടല്‍ നടത്തികൊണ്ടിരിക്കുന്ന നഗര കുടുംബരോഗ്യ കേന്ദ്രത്തിനു 2020 ഫെബ്രുവരി മാസത്തില്‍ 95 പോയിന്റോടെ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡും 2020 ഡിസംബറില്‍ കേരള സര്‍ക്കാരിന്റെ കായകല്പ അവാര്‍ഡും കേരള അക്രഡിറ്റ് സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ അവാര്‍ഡും ലഭിച്ചിരുന്നു. കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ ദേശീയ ആരോഗ്യം ദൗത്യത്തിന്റെ നേതൃത്വത്തില്‍ നഗര കുടുംബരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കേന്ദ്രത്തിനു അവാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചത്. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി അവാര്‍ഡ് നേട്ടം കൈവരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് നഗരസഭയ്ക്ക് വേണ്ടി അഭിനന്ദിച്ചു.
Post a Comment
0 Comments