ഉദുമ (www.evisionnews.in): പള്ളിയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പതിമൂന്നുകാരനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ഓട്ടോഡ്രൈവറായ യുവാവിനും കൊല്ലം കുണ്ടറ സ്വദേശിയായ രാത്രികാല മീന്‍ കച്ചവടക്കാരനുമടക്കം മൂന്നുപേര്‍ക്കെതിരെയാണ് കേസ്. തിങ്കളാഴ്ച രാത്രി ഉദുമ ഈച്ചിലിങ്കാലിലെ പള്ളിയില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ മൂന്നംഗസംഘം ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് കേസ്.
കുട്ടി റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയ സംഘം ബലമായി വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി കുതറിയോടി വീട്ടിലെത്തുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനിടെ ഉദുമ വില്ലേജ് ഓഫീസിന് പുറക് വശത്തുള്ള ഇടവഴിയില്‍ ഓട്ടോറിക്ഷ കണ്ടെത്തി. നാട്ടുകാരെ കണ്ടതോടെ ഓട്ടോറിക്ഷയിലുള്ളവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേര്‍ നാട്ടുകാരുടെ പിടിയിലായി. മറ്റാരാള്‍ ഓടി രക്ഷപ്പെട്ടു.
നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പിന്നീട് രാത്രി വൈകി ഉദുമയിലെ ഒരു കെട്ടിടത്തിന് മുകളില്‍ ഒളിച്ച നിലയില്‍ മൂന്നാമനെയും കണ്ടെത്തി. ഇയാളെയും നാട്ടുകാര്‍ പൊലീസിലേല്‍പ്പിക്കുകയായിരുന്നു. സംഭവം മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ രാത്രി തന്നെ പ്രതികളെ മേല്‍പറമ്പ് പൊലീസിന് കൈമാറുകയാണുണ്ടായത്.
Post a Comment
0 Comments