Type Here to Get Search Results !

Bottom Ad

എം. ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ശിപാര്‍ശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്


കേരളം (www.evisionnews.in): മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചുമതലയിലേക്ക് തിരിച്ചെടുക്കാന്‍ ശിപാര്‍ശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥതല സമിതിയുടേതാണ് ശിപാര്‍ശ. ഡോളര്‍ കേസില്‍ ശിവശങ്കര്‍ ചെയ്തെന്ന് പറയപ്പെടുന്ന കുറ്റങ്ങളുടെ വിശദാംശങ്ങള്‍ കസ്റ്റംസ് നല്‍കിയില്ലെന്ന് സമിതി വിശദീകരിച്ചു. ശിപാര്‍ശയില്‍ അന്തിമതീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

സ്വര്‍ണക്കടത്ത് കേസില്‍ പെട്ടാണ് എം ശിവശങ്കര്‍ സസ്പെന്‍ഷനിലാവുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പവും മുഖ്യപ്രതി സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ ഓഫീസില്‍ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതും ശിവശങ്കറിന് തിരിച്ചടിയായി. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.

2023 ജനുവരി മാസംവരെ ശിവശങ്കറിന് സര്‍വീസ് കാലാവധിയുണ്ട്. ക്രിമിനല്‍ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാരിനു സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ട്. അഴിമതിക്കേസ് അല്ലെങ്കില്‍ സസ്പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷമാണ്. അതിനുശേഷം സസ്പെന്‍ഷന്‍ കാലാവധി നീട്ടണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണം. ഇല്ലെങ്കില്‍ സസ്പെന്‍ഷന്‍ സ്വമേധയാ പിന്‍വലിക്കപ്പെടും. പരമാവധി രണ്ടുവര്‍ഷം മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയൂ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad