Type Here to Get Search Results !

Bottom Ad

പോലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്തത് പാര്‍ട്ടിയെ കുരുക്കിലാക്കി: പെരിയ കേസിലും ഗുരുതര വീഴ്ച ; സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം


കാസര്‍കോട് (www.evisionnews.in): പൊലീസിനും സംസ്ഥാന ഭരണത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ജില്ലാ സമ്മേളനം. പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തത് പാര്‍ട്ടിയെ വല്ലാത്ത കുരുക്കിലേക്കാണ് എത്തിച്ചതെന്നും പ്രതിനിധികള്‍ ആരോപിച്ചു. പൊലീസില്‍ പാര്‍ട്ടിക്കോ ഭരണത്തിനോ യാതൊരു നിയന്ത്രണവും ഇല്ല.

പെരിയ കൊലക്കേസിലെ പ്രതികളെ ട്രാപ്പിലാക്കുകയായിരുന്നുവെന്നും സമ്മേളനത്തിലെ ചര്‍ച്ചയില്‍ പ്രതിനിധി രൂക്ഷമായി വിമര്‍ശിച്ചു. പെരിയ കേസിലെ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായത്. കേസില്‍ പ്രതിയായ പീതാംബരന്‍ നല്‍കിയ പരാതി വേണ്ടരീതിയില്‍ ഗൗരവത്തോടുകൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിരുന്നില്ല. അതിന്റെ ദുരന്തഫലമാണ് സ്ഥിതി ഇത്രത്തോളം വഷളാക്കിയതെന്നും പ്രതിനിധി ആരോപിച്ചു.

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വിതരണത്തിലെ കാലതാമസവും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധി ചൂണ്ടിക്കാട്ടി. മാസങ്ങളായി പെന്‍ഷന്‍ കുടിശികയായി കിടക്കുകയാണ്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഈവിഷയത്തിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. പെന്‍ഷന്‍ വിതരണം വൈകുന്നത് സര്‍ക്കാരിന്റെ സല്‍പ്പേരിനെയാണ് കളങ്കപ്പെടുത്തുന്നതെന്നും ചര്‍ച്ചയില്‍ ആരോപണം ഉയര്‍ന്നു.

കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ വേണ്ടത്ര ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും ഇതു വ്യാപക വിമര്‍ശനത്തിന് വഴിവെച്ചുവെന്നും മറ്റൊരു പ്രതിനിധി ആരോപിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് തുടങ്ങിവെച്ചതിനപ്പുറം ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജില്‍ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. ആരോഗ്യ രംഗത്ത് ജില്ലയോടുള്ള കടുത്ത അവഗണന ഇപ്പോഴും തുടരുകയാണ്. ഒപി അനുവദിച്ചെങ്കിലും മെഡിക്കല്‍ കോളജിന് ആവശ്യമായ മറ്റൊരു യാതൊരു സജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. ഈ കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന അവഗണന സര്‍ക്കാരിനെ ദുഷ്പേരുണ്ടാക്കിയതായും പ്രതിനിധി ചൂണ്ടിക്കാട്ടി.

തുടര്‍ഭരണം കിട്ടിയിട്ടും രണ്ടുതവണവിജയിച്ച എം.എല്‍.എമാര്‍ ഉണ്ടായിട്ടും ഒരു മന്ത്രിസ്ഥാനം ജില്ലക്ക് ലഭിച്ചില്ല. അതു കിട്ടാനുള്ള ശ്രമവും ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ജില്ലക്ക് മന്ത്രിസ്ഥാനം കിട്ടാതിരിക്കാന്‍ ചരടുവലി ഉണ്ടായോയെന്നും സംശയിക്കേണ്ടയിരിക്കുന്നുവെന്നും മറ്റൊരുപ്രതിനിധി ആരോപിച്ചു.

സമ്മേളനം വെട്ടിച്ചുരുക്കിയതിനെ തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടവരുടെ എണ്ണവും ചുരുക്കി. ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് ഏരിയാകമ്മറ്റികളില്‍ നിന്നും ഈരണ്ട് വീതം പ്രതിനിധികള്‍ക്കും മറ്റ് ഏരിയാകമ്മറ്റികളില്‍ നിന്നും ഒരുപ്രതിനിധിക്കുമാണ് ചര്‍ച്ചയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്. ഒരാള്‍ക്ക് അരമണിക്കൂര്‍ ലഭിക്കേണ്ട അവസരം കാല്‍മണിക്കൂറായി ചുരുക്കി. അതുകൊണ്ടുതന്നെ ചര്‍ച്ചയും ശുഷ്‌ക്കമായി. തൃപ്തികരമല്ലാത്ത മറുപടിയുമാണ് ഉണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad