Type Here to Get Search Results !

Bottom Ad

സ്‌കൂളുകളില്‍ കോവിഡ് വാക്സിനേഷന്‍ ഇന്ന് മുതല്‍: കുത്തിവെയ്പ് രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം


കേരളം (www.evisionnews.in): സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്സിനേഷന് ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം മൂന്നു മണിവരെയായിരിക്കും സ്‌കൂളുകളിലെ വാക്സിനേഷന്‍ സമയം. സ്‌കൂളുകളുടെ സൗകര്യം കൂടി കണക്കിലെടുത്ത് വാക്സിനേഷന്‍ സമയത്തിന് മാറ്റം വന്നേക്കാം. വാക്സിനേഷന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്സിനേഷന്‍ നടത്താന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷം ഇരു മന്ത്രിമാരുടേയും യോഗത്തിലാണ് സ്‌കൂളുകളിലെ വാക്സിനേഷന് അന്തിമ രൂപം നല്‍കിയത്. പൂര്‍ണമായും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും വാക്സിനേഷന്‍ പ്രവര്‍ത്തിക്കുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്സിന്‍ നല്‍കുക. 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ എടുത്തെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് 15 വയസിനും 18 വയസിനും ഇടയ്ക്കുള്ള 8,31,495 പേര്‍ക്ക് (55 ശതമാനം) ആകെ വാക്സിന്‍ നല്‍കാനായി. അതിനാല്‍ തന്നെ പകുതിയില്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ വാക്സിന്‍ നല്‍കാനുള്ളു. 2007ലോ അതിനുമുമ്പോ ജനിച്ചവര്‍ക്ക് വാക്സിന്‍ എടുക്കാവുന്നതാണ്. വാക്സിന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്സിനേഷന്‍ നടത്തുന്നത്. സ്‌കൂളുകളില്‍ തയ്യാറാക്കിയ വാക്സിനേഷന്‍ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad