ഇടുക്കി (www.evisionnews.in): ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിയായ നിഖില്‍ പൈലിയുടെ മൊഴി രേഖപ്പെടുത്തി. കോളജില്‍ എത്തിയത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാന്‍ ആണെന്ന് നിഖില്‍ പൊലീസിനോട് പറഞ്ഞു. പേനാ കത്തി കയ്യില്‍ കരുതിയത് സ്വയ രക്ഷയ്ക്ക് ആണെന്നും പ്രതി പറഞ്ഞു. ഈ കത്തി കൊണ്ടാണ് ധീരജിനെ കൊലപ്പെടുത്തിയത് എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
ഇടുക്കി കരിമണലില്‍ നിന്ന് ബസ് യാത്രയ്ക്ക് ഇടയില്‍ ആണ് പൊലീസ് നിഖിലിനെ കസ്റ്റഡിയില്‍ എടുത്തത്. സംഭവ ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജെറിന്‍ ജോജോയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആണ് ജെറിന്‍ ജോജോ. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി.
അതേസമയം ധീരജിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. വലത്ത് നെഞ്ചിലേറ്റ ആഴത്തിലുള്ള ഒറ്റമുറിവാണ് മരണ കാരണമെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ധീരജിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപ യാത്രയായാണ് സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും
Post a Comment
0 Comments