Type Here to Get Search Results !

Bottom Ad

ബിജെപിയുടെ വോട്ടിലാണ് വിജയിച്ചതെന്ന കുമ്പള പഞ്ചായത്തംഗത്തിന്റെ വെളിപ്പെടുത്തല്‍:സിപിഎമ്മും ബിജെപിയും നിലപാട് വ്യക്തമാക്കണം: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.in): കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബി.ജെ.പി -സി.പി.എം പരസ്പരം ധാരണയോടെയാണ് മത്സരിച്ചതെന്ന യുഡിഎഫ് ആരോപണം ശരിവെക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് യൂത്ത് ലീഗ് നേതാക്കള്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ബി.ജെ.പി പ്രവര്‍ത്തകനായ കോയിപ്പാടി വിനു കൊലക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവെച്ച ഹൈക്കോടതി ഉത്തരവ് വന്നതിനു ശേഷം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിക്കാനുള്ള ബി.ജെ.പി തീരുമാനം രക്തസാക്ഷി കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാനുള്ള ഇരുപാര്‍ട്ടികളുടെയും നാടകത്തിന്റെ തുടര്‍ച്ചയാണ്. കഴിഞ്ഞ ദിവസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കൊലക്കേസ് പ്രതിയുമായ കൊഗ്ഗു നടത്തിയ വെളിപ്പെടുത്തല്‍ യു.ഡി.എഫ് ഉന്നയിക്കുന്ന ബി.ജെ.പി- സി.പി.എം ബന്ധത്തിന്റെ പ്രകടമായ തെളിവാണ്. യു.ഡി.എഫ് നടത്തിയ വെളിപ്പെടുത്തലിനെ ഖണ്ഡിച്ച് കൊണ്ട് സി.പി.എം നേതാക്കള്‍ നടത്തിയ പ്രചാരണങ്ങളും വിശദീകരണ യോഗങ്ങളും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പതിവ് കള്ളത്തരത്തിന്റെ ഭാഗമാണെന്ന് വ്യക്തമായിരിക്കുകയാണ്.

ബി.ജെ.പി വോട്ട് ചെയ്താണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നും പിന്നെന്തിനാണ് താന്‍ രാജിവെക്കണമെന്ന കൊഗ്ഗുവിന്റെ വെളിപ്പെടുത്തലിന് ശേഷം സി.പി.എം നേതാക്കളുടെ നിലപാടറിയാന്‍ താല്‍പര്യമുണ്ട്. ഈ കൂട്ടുകെട്ടിന്റെ ഭാഗമായി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം, ബിജെപിയ്ക്ക് വേണ്ടി ചെയ്തു കൊടുത്ത ചാരപ്പണി എന്തൊക്കെയാണെന്ന് നേതാക്കള്‍ തുറന്ന് പറയണം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും ധാരണകള്‍ പ്രകാരമാണ് കുമ്പളയില്‍ ബി.ജെ.പി- സി.പി.എം അംഗങ്ങള്‍ ജയിച്ചു കയറിയതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരനാണെന്ന് സെഷന്‍സ് കോടതി കണ്ടെത്തി ഏഴു വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശേഷമാണ് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് പകരം കൊലയാളിക്ക് ബി.ജെ.പി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം തളികയില്‍വച്ച് നല്‍കിയത്. കേവലം രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന രക്തസാക്ഷിയെയും അവരുടെ കുടുംബത്തെയും ഒരു തരത്തിലുമുള്ള മന:സാക്ഷി കുത്തുമില്ലാതെ വഞ്ചിച്ചത്.

കൊലയാളിയായ കൊഗ്ഗു രാജിവെയ്ക്കണമെന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീഷ് തന്ത്രി നടത്തിയ പ്രസ്താവന ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ കൊഗ്ഗുവിന്റെതടക്കം മൂന്നു സി.പി.എം അംഗങ്ങളുടെ വോട്ട് വാങ്ങി ബി.ജെ.പിയ്ക്ക് ലഭ്യമായ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്വവും രാജിവെപ്പിക്കാനോ രാജിവെയ്ക്കാന്‍ തയാറല്ലെങ്കില്‍ പുറത്താക്കാനോ ബി.ജെ.പി ജില്ലാ പ്രസിഡന്റ് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, പഞ്ചായത്തംഗം യൂസഫ് ഉളുവാര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.എം അബ്ബാസ് സംബന്ധിച്ചു




Tags

Post a Comment

0 Comments

Top Post Ad

Below Post Ad