Type Here to Get Search Results !

Bottom Ad

നടിയെ അക്രമിച്ച സംഭവം; ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതിനെതിരെ കോടതിയില്‍ ഹരജി


കാസര്‍കോട് (www.evisionnews.in): കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതിനെതിരെ കോടതിയില്‍ ഹരജി. ബേക്കല്‍ സ്വദേശി ബിപിന്‍ലാല്‍ ആണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി കോടതി ജനുവരി 28ന് പരിഗണിക്കും. നടിയെ അക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല ബിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതി അറസ്റ്റി ലാകുകയും ചെയ്തിരുന്നു.

പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിപിന്‍ലാലിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തുകയും ചെയ്തു. തന്നെ മൊഴി മാറ്റുന്നതിനായി ഭീഷണിപ്പെടുത്തുന്നതിനുള്ള ഗൂഡാലോചന നടന്നത് എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ചാണെന്നും ഗൂഡാലോചനയില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും ബിപിന്‍ലാല്‍ നല്‍കിയ മൊഴിയെ തുടര്‍ന്ന് ഈ കേസിന്റെ തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. പ്രദീപ് കോട്ടത്തലക്കെതിരായ തെളിവുശേഖരണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വസതിയിലും ഓഫീസിലും പരിശോധന നടത്തുകയുണ്ടായി. എന്നാല്‍ ഈ കേസില്‍ തുടര്‍ന്ന് അന്വേഷണം മുന്നോട്ടു

പോയില്ല. ഇതേ തുടര്‍ന്നാണ് ബിപിന്‍ലാല്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചമട്ടാണെന്നും അന്വേഷണം ഏറ്റെടുത്ത് ഒരുവര്‍ഷം പിന്നിട്ടിട്ടും കുറ്റപത്രം പോലും സമര്‍പ്പിച്ചില്ലെന്നും ഹരജിയില്‍ വ്യക്തമാക്കി.

ഒരു കേസുമായി ബന്ധപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുകയായിരുന്ന ബിപിന്‍ലാലിന്റെ സഹതടവുകാരനായിരുന്നു നടിയെ അക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി. ജയിലില്‍വെച്ച് ബിപിന്‍ലാല്‍ പള്‍സര്‍ സുനിയുടെ നിര്‍ദേശപ്രകാരം നടന്‍ ദിലീപിന് കത്തെഴുതിയിരുന്നു. അന്വേഷണത്തില്‍ ഇക്കാര്യം തെളിഞ്ഞ പൊലീസ് ബിപിന്‍ലാലിനെ നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയാക്കുകയാണുണ്ടായത്. പിന്നീട് ജയിലില്‍ നിന്നിറങ്ങി നാട്ടില്‍ തിരിച്ചെത്തിയ ബിപിന്‍ലാലിനെ പ്രദീപ് കോട്ടത്തല നിരന്തരം ഫോണില്‍ വിളിച്ച് കോടതിയില്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചപ്പോഴാണ് ബിപിന്‍ ലാലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad