കാസര്‍കോട് (www.evisionnews.in): നൂറുകണക്കിന് കുടുംബങ്ങളുടെ വീടെന്ന സ്വപ്നത്തെ സാക്ഷാത്ക്കരിച്ച വടക്കിന്റെ കാരുണ്യമുഖമായിരുന്ന സായിറാം ഗോപാലകൃഷ്ണ ഭട്ട് ഇനി ഓര്‍മ. തല ചായ്ക്കാന്‍ വീടില്ലാതെ കഴിഞ്ഞിരുന്ന 265ലധികം കുടുംബങ്ങള്‍ക്കാണ് ഇക്കാലയളവിനുള്ളില്‍ വീട് വച്ചു നല്‍കിയത്. കാസര്‍കോടിന്റെ നന്മമരമെന്ന് വിശേഷിപ്പിക്കാവുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഇന്നുച്ചയോടെയായിരുന്നു നിര്യാതനായത്. വൈകിട്ട് നാലരമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
തന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നാണ് മൂന്നൂറോളം പേര്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയത്. ബേള കിളിങ്കാറിലെ സായിറാം ഭട്ട് തീര്‍ഥാടനത്തിനായി സ്വരൂപിച്ച പണമെടുത്തായിരുന്നു 1995ല്‍ ആദ്യത്തെ വീടു നിര്‍മിച്ചത്. അമ്പതു വയസു പിന്നിട്ടപ്പോഴാണ് സായിറാം ഭട്ട് വീടില്ലാത്തവര്‍ക്ക് താങ്ങായിത്തുടങ്ങിയത്. കാലവര്‍ഷത്തില്‍ വീട് നഷ്ടപ്പെട്ട അബ്ബാസിന് വീടു നിര്‍മിച്ചു നല്കിയായിരുന്നു തന്റെ കാരുണ്യവഴിയുടെ തുടക്കം ഭട്ട് ആരംഭിച്ചത്. പിന്നീടിങ്ങോട്ട് പുണ്യവഴിയിലേക്കുള്ള അദ്ദേഹത്തിന്റെ സഹായം പ്രവഹിക്കുകയായിരുന്നു.
തൊഴിലില്ലാത്ത നിരവധി പേര്‍ക്ക് ഓട്ടോറിക്ഷകള്‍, തയ്യല്‍ മെഷീനുകള്‍ തുടങ്ങിയവ നല്‍കി തൊഴിലവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. കാശിക്ക് പോകാനായി കരുതിവെച്ച തുക വീട് നിര്‍മ്മാണത്തിനായി സഹായം തേടിയെത്തിയ ഒരാള്‍ക്ക് നല്‍കി തുടങ്ങിയതാണ് കാരുണ്യത്തിന്റെ ആ മഹാപ്രവാഹം. മെഡിക്കല്‍ ക്യാമ്പുകളടക്കം സംഘടിപ്പിച്ചിരുന്നു. സായിറാംഭട്ടിന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെര്‍ക്കളം അബ്ദുല്ല അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ബദിയടുക്കയില്‍ നല്‍കിയ സ്വീകരണത്തില്‍ എം.പി അബ്ദുസമദ് സമദാനി അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. പത്മശ്രീ പുരസ്‌കാരത്തിന് പേര് നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ല.
കൃഷ്ണഭട്ടിന്റെയും സുബ്ബമ്മയുടെയും മകനാണ്. കെഎന്‍ ശാരദയാണ് ഭാര്യ. കെഎന്‍ കൃഷ്ണഭട്ട്. ശ്യാമള, വാസന്തി എന്നിവര്‍ മക്കളാണ്. കെഎന്‍ വേണുഗോപാല, കെഎന്‍ ശാന്തി എന്നിവര്‍ പേരമക്കളാണ്.
Post a Comment
0 Comments