ദേശീയം (www.evisionnews.in): ഒമിക്രോണ്‍ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി അലഹബാദ് ഹൈക്കോടതി. ഒന്നോ രണ്ടോ മാസത്തേയ്ക്ക് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടങ്ങളും റാലികളും നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോടും കോടതി ആവശ്യപ്പെട്ടു. റാലികള്‍ നിരോധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമാകും ഉണ്ടാകുകയെന്നും ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു.
കോടതികളില്‍ ദിവസവും നൂറുകണക്കിനു കേസുകള്‍ പരിഗണിക്കുന്നതിനാല്‍ നൂറുകണക്കിന് ആളുകള്‍ എത്തുന്നുണ്ട്. അതിനാല്‍ പലപ്പോഴും സാമൂഹിക അകലം പാലിക്കാനും കഴിയാറില്ലെന്ന് കോടതി പറഞ്ഞു. രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും ജഡ്ജി പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും കോടതി ചൂണ്ടിക്കാട്ടി. ഇതിന് ശേഷമാണ് യു.പി തിരഞ്ഞെടുപ്പിനെ കുറിച്ച് പരാമര്‍ശിച്ചത്. ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പും ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായി. നിരവധി പേര്‍ മരിക്കുകയും ചെയ്തിരുന്നു. യുപിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന റാലികളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക അസംഭവ്യമാണെന്നും ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു.
Post a Comment
0 Comments