കാസര്‍ക്കോട് (www.evisionnews.in): പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. വിഷ്ണു സുര കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അഞ്ച് പ്രതികളും ഗൂഢാലോചനയില്‍ പങ്കെടുത്തതിന് തെളിവുണ്ടെന്നാണ് സിബിഐ പറയുന്നത്.
സിബിഐക്ക് കേസ് വിടാതിരിക്കാന്‍ സുപ്രീം കോടതി വരെ പോയവരാണ് പ്രതികള്‍, ഇവര്‍ക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ട്. അത് കൊണ്ട് തന്നെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് സിബിഐയുടെ വാദം. എന്നാല്‍ അഞ്ച് പേരുടെയും അറസ്റ്റിന് പിന്നില്‍ ഗൂഢോദ്ദേശമുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലെ സാക്ഷികളെ പോലും ഒരു തെളിവും ഇല്ലാതെ പ്രതികളാക്കിയെന്നാണ് ആക്ഷേപം. എത്ര കര്‍ശനമായ ജാമ്യ വ്യവസ്ഥകളും അംഗീകരിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ജാമ്യപേക്ഷ നല്‍കിയത്. കൊലപാതകത്തിലെ ഗൂഢാലോചന നടത്തുക, കൊല്ലപ്പെട്ടവരുടെ യാത്ര വിവരങ്ങള്‍ കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ച് നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സിബിഐ അറസ്റ്റ് ചെയ്ത 5 പേര്‍ അടക്കം ആകെ 24 പേരാണ് പ്രതികള്‍.
സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെട്ടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയില്‍ നടന്നതെന്നാണ് സിബിഐ കണ്ടെത്തല്‍. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കം 5 പേരെ ഡിസംബര്‍ ആദ്യമാണ് സിബിഐ അറസ്റ്റ് ചെയ്തത്. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കെ വി കുഞ്ഞിരാമന്‍ കേസിലെ ഇരുപതാം പ്രതിയാണ്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉള്‍പ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്.
പെരിയ എച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയായ രാജു എന്ന് വിളിക്കുന്ന രാജേഷ്, സുരേന്ദ്രന്‍, മധു, റെജി വര്‍ഗിസ്, ഹരിപ്രസാദ് എന്നിവരാണ് ഡിസംബര്‍ ആദ്യം പിടിയിലായത്. പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ വി ഭാസ്‌കരന്‍, സിപിഎം പ്രവര്‍ത്തകരായ ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി, രാഘവന്‍ വെളുത്തോളി എന്നിവരാണ് മറ്റ് പ്രതികള്‍. കൊല നടന്ന ദിവസം രാത്രി രണ്ടാം പ്രതി സജി ജോര്‍ജിനെ പക്കം എന്ന സ്ഥലത്ത് വെച്ച് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് കെ വി കുഞ്ഞിരാമന്‍ സിജി ജോര്‍ജിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടു പോയി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 ഫെബ്രുവരി 17നാണ് പെരിയയില്‍ യുവാക്കളെ കൊലപ്പെടുത്തുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നത്.
Post a Comment
0 Comments