കാസര്‍കോട് (www.evisionnews.in): ജില്ലാ ഭരണകൂടത്തിന്റെയും കാസര്‍കോട് നഗരസഭയുടെയും ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെയും (ബി.ആര്‍.ഡി.സി) സഹകരണത്തോടെ കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റി ഇത്തവണയും പുതുവര്‍ഷാഘോഷം സംഘടിപ്പിക്കും. നാളെ വൈകിട്ട് 6.30 മുതല്‍ രാത്രി പത്തു വരെ 'ഒപ്പരം-2022' എന്ന പേരില്‍ കാസര്‍കോട് പുലിക്കുന്നിലെ സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് പുതുവര്‍ഷാഘോഷം കൊണ്ടാടുക.
കോഴിക്കോട്ടെ ഷാന്‍-ഷബാന ടീമിന്റെ ഗാനമേള അരങ്ങേറും. സിനിമാ താരം അനഘ നാരായണനെ ചടങ്ങില്‍ ആദരിക്കും. സര്‍ക്കാറിന്റെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടി നടക്കുക. 9.55ന് വെറുപ്പിന്റെ പ്രതീകമായ 'മിസ്റ്റര്‍ ഹേട്രഡി'ന് തീകൊളുത്തുന്നതോടെ പരിപാടി സമാപിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷ്‌റഫ്, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാല്‍, ജില്ലാ കലക്റ്റര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ബേബി ബാലകൃഷ്ണന്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, നഗരസഭ പ്രതിപക്ഷ നേതാവ് പി. രമേശന്‍ സംബന്ധിക്കും.
മുന്‍ കലക്റ്റര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റി 2019ല്‍ പുതുവര്‍ഷത്തെ വരവേറ്റുകൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷവും വിപുലമായ തരത്തില്‍ പുതുവര്‍ഷാഘോഷം കൊണ്ടാടിയിരുന്നു. കഴിഞ്ഞ തവണ അനന്തപുരത്തായിരുന്നു പരിപാടി. കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാമാസവും മൂന്നാം ശനിയാഴ്ച കാസര്‍കോട്ടെ കലാകാരന്മാരെ അണിനിരത്തി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കോവിഡിന്റെ വരവോടെ പ്രതിമാസ പരിപാടികള്‍ക്ക് തടസം നേരിട്ടു.
Post a Comment
0 Comments