കേരളം (www.evisionnews.in): ആലപ്പുഴക്കാരുടെ കുടി കൂടുതലാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയിലും വ്യക്തമാകുന്നു. കുടിയുടെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളം. ജനസംഖ്യാനുപാത കണക്കില്‍ മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയില്‍ കേരളത്തില്‍ ഏറ്റവും മുന്നില്‍ ആലപ്പുഴക്കാരും. ആലപ്പുഴയിലെ പുരുഷന്‍മാരില്‍ 29% പേര്‍ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ബവ്‌റിജസ് കോര്‍പറേഷന്റെ കണക്കുകളില്‍ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കില്‍ 90,684 കെയ്‌സ് റം മാത്രം ആലപ്പുഴക്കാര്‍ കുടിച്ചിട്ടുണ്ട്.
ബാക്കി ഇനങ്ങളും ബീയറും എല്ലാം കൂടി 1.4. ലക്ഷം കെയ്‌സ് ചെലവായി. ആലപ്പുഴയിലെ സ്ത്രീകളില്‍ 0.2% പേര്‍ മാത്രമേ കുടിക്കു. 15 വയസിനു മുകളിലെ പുരുഷന്‍മാരില്‍ ദേശീയ ശരാശരി 18.8% മദ്യപിക്കുമെങ്കില്‍ കേരളത്തില്‍ 19.9% ആണ്. കേരളത്തില്‍ നഗരങ്ങളില്‍ 18.7%, ഗ്രാമങ്ങളില്‍ 21% പുരുഷന്‍മാരും മദ്യപിക്കുമെന്നാണ് സര്‍വേ. ആലപ്പുഴയ്ക്കു തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയാണ്. 27.4% പുരുഷന്‍മാര്‍ക്കു മദ്യസേവ ഉണ്ട്. സ്ത്രീകള്‍ 0.6%. ബ്രാന്‍ഡിയാണ് കോട്ടയത്തെ പുരുഷന്‍മാര്‍ക്കിഷ്ടം. റം തൊട്ടുപിന്നിലുണ്ട്.
മൂന്നാംസ്ഥാനം തൃശൂരിനാണ്. 26.2% പുരുഷന്‍മാര്‍ മദ്യം ഉപയോഗിക്കും. 0.2% സ്ത്രീകളും. തൃശൂരുകാര്‍ക്കും ഇഷ്ടം ബ്രാന്‍ഡിയാണ്. റമ്മിനോട് പ്രിയമില്ല. മലപ്പുറത്താണ് മദ്യപാനം ഏറ്റവും കുറവ്. 7.7% പുരുഷന്‍മാരേ മദ്യപിക്കാറുള്ളൂ. ഇഷ്ട മദ്യം ബ്രാന്‍ഡി. സ്ത്രീകളില്‍ മദ്യപാന ശീലം കൂടുതല്‍ വയനാട് ജില്ലയിലാണ്: 1.2%. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, വയനാട് ജില്ലകളും ബ്രാന്‍ഡി പ്രിയരാണ്. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവ റമ്മിനോട് ആഭിമുഖ്യം കാട്ടുന്നു.