കാസര്‍കോട് (www.evisionnews.in): ഡിസംബര്‍ ഒന്നിന് ഒപി വിഭാഗം ആരംഭിക്കുമെന്ന 'വീണ വാഗ്ദാനം' കാസര്‍കോട്ടുകാരുടെ ഓര്‍മയില്‍ നിന്ന് മായുന്നതിന് മുമ്പെയാണ് രണ്ട് ഹെഡ് നഴ്സുമാരടക്കം 28 സ്റ്റാഫ് നഴ്സുമാരെ ജോലിക്രമീകരണത്തിന്റെ ഭാഗമായി ഇടുക്കി, കൊല്ലം മെഡിക്കല്‍ കോളജുകളിലേക്ക് സ്ഥലംമാറ്റിയത്. ഇതോടെ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുന്നതിന്റെ അകലം കൂടുകയാണ്. കഴിഞ്ഞ മാസം ആരോഗ്യമന്ത്രി ജില്ലയിലെത്തിയപ്പോഴാണ് ഡിസംബര്‍ ഒന്നിന് ഒപി ചികിത്സ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. ഫാര്‍മസിസ്റ്റിനെയും ശുചീകരണത്തൊഴിലാളികളെയും സുരക്ഷാ ജീവനക്കാരെയും നിയമിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നീളുകയാണ്.
കോവിഡ് കൊടുമ്പിരികൊണ്ട സാഹചര്യത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കോവിഡ് ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് തുറന്നത്. ജില്ലയില്‍ കോവിഡ് എണ്ണം കുറഞ്ഞതോടെ ചികിത്സ നിര്‍ത്തി മെഡിക്കല്‍ കോളജ് പൂട്ടിയിട്ട് രണ്ടുമാസം പിന്നിട്ടു. ഇനി എന്ന് തുറക്കുമെന്ന യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതിനിടെയാണ് ഉള്ള ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവുവന്നത്.
മൂന്നു സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെയും ഒരു ലാബ് ടെക്നീഷ്യനെയും രണ്ട് റേഡിയോഗ്രാഫര്‍മാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. അപേക്ഷ നല്‍കി കാസര്‍കോട്ടേക്ക് സ്ഥലംമാറ്റം വാങ്ങിയവര്‍ വരെ സ്ഥലം മാറ്റിയതില്‍പെടും. ഒരു ഹെഡ് നഴ്സും രണ്ടു സ്റ്റാഫ് നഴ്സുമാരും 13 ഡോക്ടര്‍മാരും മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇവരില്‍ പലരെയും സ്ഥലം മാറ്റാനുള്ള നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അമ്പതു ശതമാനം നിയമിക്കാമെന്ന ധാരണയില്‍ 273 തസ്തികകളാണ് കാസര്‍കോട് മെഡിക്കല്‍ കോളജിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.
സ്റ്റാഫ് നഴ്സുമാരെ ഉള്‍പ്പടെ മെഡിക്കല്‍ കോളജില്‍ നിയമിച്ച ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതോടെ ഒപി ചികിത്സ ഇനിയും വൈകും. ഇപ്പോള്‍ ഒപി ആരംഭിച്ചാല്‍, മൂന്നുവര്‍ഷം കഴിഞ്ഞ് മെഡിക്കല്‍ കോളജ് തുടങ്ങാനും എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നേടാനും കഴിയും. കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്കെതിരെ ജനങ്ങളെ അണിനിരത്തി സമരത്തിനിറങ്ങുമെന്ന് മെഡിക്കല്‍ കോളജ് സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് പറഞ്ഞു.
Post a Comment
0 Comments