കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് ഗവ. കോളജില്‍ പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചു എന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിക്കെതിരെ പ്രിന്‍സിപ്പലിന്റെ പരാതിയില്‍ ചുമത്തിയ കേസില്‍ ജാമ്യം. രണ്ടാം വര്‍ഷ ഇക്കണോമിക്സ് ബിരുദ വിദ്യാര്‍ഥി സനദിനെതിരെയാണ് ബലാല്‍സംഗ ശ്രമത്തിനടക്കം പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.
കോളജില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച് മൂന്നുതവണ കാലുപിടിപ്പിച്ചതായി സനദ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പൊലീസിലുമുള്‍പ്പടെ പരാതി നല്‍കിയിരുന്നു. ഇതു വലിയ വിവാദമാവുകയും എംഎസ്എഫ് ഉള്‍പ്പടെ വിദ്യാര്‍ഥി സംഘടനകള്‍ അധ്യാപികയുടെ നടപടിക്കെതിരെ രംഗത്തു വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥി തടഞ്ഞു നിര്‍ത്തി അടിക്കാന്‍ ശ്രമിച്ചു, സാരി പിടിച്ചുവലിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെട്ടുത്തി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞ മാസം 16ന് വനിതാ പൊലീസില്‍ പരാതി നല്‍കിയത്. ഇതുപ്രകാരം 341, 353, 354 വകുപ്പുകള്‍ പ്രകാരം ചേര്‍ത്ത് വിദ്യാര്‍ഥിക്കെതിരെ കേസെടുക്കുകയും ചെയ്തു.
കേസില്‍ കാസര്‍കോട്് ബാറിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. കെ. വിനോദ് കുമാര്‍ മുഖേന ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ ജാമ്യം അനുവദിച്ചത്. എംഎസ്എഫ് ജില്ലാ കമ്മിറ്റിയാണ് നേരിട്ടേറ്റെടുത്ത് കേസ് നടത്തിയത്.
Post a Comment
0 Comments