കേരളം (www.evisionnews.in): കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. വളര്‍ത്താന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ അമ്മ നിഷ കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രണ്ട് ദിവസം മുമ്പാണ് സുരേഷ് നിഷ ദമ്പതികളുടെ ആറാമത്തെ കുട്ടിയെ ബക്കറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റ് കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മ നിഷ കുറ്റം സമ്മതിക്കുകയായിരുന്നു.
വളര്‍ത്താനുള്ള സാമ്പത്തിക സാഹചര്യം ഇല്ലാത്തതിനാല്‍ കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്താണ് നിഷ കൊലപാതകം നടത്തിയത്. മാറ്റരുടെയും പ്രേരണ ഇല്ലാതെ നിഷ ഒറ്റയ്ക്കാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നും പൊലീസ് പറഞ്ഞു. കുട്ടിയുടേത് കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് നിഷ കുറ്റസമ്മതം നടത്തിയത്. നിഷയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വീട്ടിലുണ്ടായിരുന്ന മൂത്തകുട്ടിയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Post a Comment
0 Comments