Type Here to Get Search Results !

Bottom Ad

26-ാം വയസില്‍ ലക്ഷാധിപതി: അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഉപ്പള സ്വദേശി റഫീഖിന് ഭാഗ്യം


കാസര്‍കോട് (www.evisionnews.in): ജീവിതത്തിന്റെ ചൂടും ചൂരും ചെറുപ്രായത്തിലേ അനുഭവിച്ച റഫീഖ് മുഹമ്മദ് അഹമ്മദ് 26-ാം വയസില്‍ തന്നെ ലക്ഷാധിപതിയായതില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ ആഹ്ലാദം. ചെറുപ്പത്തിലേ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ച യുവാവാണെന്നതിനാല്‍ റഫീഖിന് ഭാഗ്യം ലഭിച്ചതില്‍ ഏവരും ഏറെ സന്തോഷം പ്രകടിപ്പിക്കുന്നു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് കോടിയിലേറെ രൂപ (10 ലക്ഷം ദിര്‍ഹം)യാണ് കാസര്‍കോട് ഉപ്പള ഏരൂര്‍ പാച്ചാണി സ്വദേശിയായ റഫീഖിനും കൂടെ ജോലി ചെയ്യുന്ന മലയാളികളടക്കം ഒന്‍പത് ഇന്ത്യക്കാര്‍ക്കും ലഭിച്ചത്. ഒരാള്‍ക്ക് 20 ലക്ഷത്തിലേറെ രൂപയാണ് ലഭിക്കുക.

റഫീഖ് ആറു വര്‍ഷം മുന്‍പാണ് കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നല്‍കാന്‍ യുഎഇയിലെത്തിയത്. പത്താംതരത്തില്‍ പഠനം കഴിഞ്ഞ് യുഎഇയിലേയ്ക്ക് വിമാനം കയറുകയായിരുന്നു. ദുബായ് ജുമൈറയിലെ സ്വദേശി വില്ലയില്‍ പാചകക്കാരന്റെ ജോലിയാണ് ലഭിച്ചത്. 2200 ദിര്‍ഹമാണ് പ്രതിമാസ ശമ്പളം. വലിയ സ്വദേശി വില്ലയില്‍ പാചക്കാരും ഡ്രൈവറും സഹായികളുമൊക്കെയായി ആകെ 15 പേര്‍ ജോലി ചെയ്യുന്നു. മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ കടബാധ്യത വരികയും ജീവിതം വലിയ പ്രയാസത്തിലാവുകയും ചെയ്തു. കടം ഓരോ മാസവും കുറഞ്ഞ തുകയായി വീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നു.

കൂടെ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി റോഷന്‍, മലപ്പുറം സ്വദേശി ഷിഹാബ്, തിരുവനന്തപുരത്തുകാരന്‍ ഷാബിര്‍, കാസര്‍കോട് സ്വദേശി അനില്‍, ഹൈദരാബാദ് സ്വദേശികളായ യൂസഫ്, റഹ്മാന്‍, ശ്രീനു, മജീദ്, സലീം എന്നിവരാണ് 100 ദിര്‍ഹം വീതം ചെലവഴിച്ച് ഭാഗ്യപരീക്ഷണത്തിന് റഫീഖിന്റെ കൂടെ നിന്നത്. 500 ദിര്‍ഹത്തിന്റെ ടിക്കറ്റ് ഒന്നിച്ച് രണ്ടെണ്ണമെടുക്കുമ്പോള്‍ മൂന്നാമത്തേത് സൗജന്യമായി ലഭിക്കും. ഒടുവില്‍ റഫീഖിന്റെ പേരില്‍ എടുത്ത 135561 എന്ന നമ്പരാണ് ഭാഗ്യം കൊണ്ടുവന്നത്. സമ്മാനത്തുക മറ്റു 9 സുഹൃത്തുക്കളുമായി പങ്കിടും. ഈ മാസം മുതല്‍ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പ് ആരംഭിച്ചതിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പാണിത്.

Post a Comment

0 Comments

Top Post Ad

Below Post Ad