ദേശീയം (www.evisionnews.in): കര്‍ണാടകയിലും കേരളത്തിലും പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 126 ആയി.കര്‍ണാടകയില്‍ ആറും കേരളത്തില്‍ നാലും കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മൂന്ന് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 43 ആയി. ഡല്‍ഹിയില്‍ 22 ഉം രാജസ്ഥാനില്‍ 17 ഉം കര്‍ണാടകയില്‍ 14 ഉം കേരളത്തില്‍ 11 ഉം തെലുങ്കാനയില്‍ എട്ടും ഗുജറാത്തില്‍ ഏഴും ആന്ധ്രാപ്രദേശ് , ചണ്ഡിഗഡ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ഓരോന്നും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കര്‍ണാടകയിലെ പുതിയ ആറ് കേസുകളില്‍ ഒരാള്‍ യുകെയില്‍ നിന്നുള്ള യാത്രക്കാരനാണ്, മറ്റ് അഞ്ച് പേര്‍ ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോവിഡ് -19 ക്ലസ്റ്ററുകളില്‍ നിന്നുള്ളവരാണ്, അവരുടെ യാത്രാ ചരിത്രവും അന്താരാഷ്ട്ര യാത്രക്കാരുമായുള്ള സമ്പര്‍ക്കവും പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. കേരളത്തില്‍ തിരുവനന്തപുരത്ത് 17ഉം 44ഉം വയസ്സുള്ളവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതിലൊരാള്‍ യുകെയില്‍ നിന്നും മറ്റൊരാള്‍ ടുണീഷ്യയില്‍ നിന്നും എത്തിയവരാണ്. മലപ്പുറത്ത് ടാന്‍സാനിയയില്‍ നിന്നെത്തിയ 37 കാരനും, തൃശൂരില്‍ കെനിയയില്‍ നിന്നും എത്തിയ 49 കാരനുമാണ് രോഗം. രോഗികളുടെ എണ്ണം 11 ആയതോടെ കേരളത്തിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.