ഡൽഹി (www.evisionnews.in) നാവികസേനയെ നയിക്കാൻ ആദ്യമായി ഒരു മലയാളി മേധാവി. വൈസ് അഡ്മിറല്‍ ആർ ഹരികുമാർ നാവികസേന മേധാവിയായി ചുമതലയേറ്റു. ഡൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വെച്ചായിരുന്നു ചടങ്ങ്.സ്ഥാനമൊഴിഞ്ഞ അഡ്മിറൽ കരംബീര്‍ സിംഗിൽ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറൽ ആര്‍ ഹരികുമാര്‍ ഏറ്റെടുത്തു.
നാവികസേനയുടെ ചുമതല ഏറ്റെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് സേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ആർ ഹരികുമാർ പ്രതികരിച്ചു. ഇത് തനിക്ക് അഭിമാനം നിറഞ്ഞ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. നേവിയുടെ ഇരുപത്തിയഞ്ചാമത് മേധാവിയാണ് ഹരികുമാർ. 2024 ഏപ്രിൽ മാസം വരെയാണ് കാലാവധി.
ആഴക്കടൽ സുരക്ഷയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും എന്നാൽ ഏത് വെല്ലുവിളിയേയും നേരിടുമെന്നും ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. തന്റെ മുൻഗാമികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു. അവരുടെ പാത പിന്തുടരുമെന്നും ആർ ഹരികുമാർ പറഞ്ഞു.
നാവികസേനയില്‍ 35 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന ഹരികുമാര്‍ തിരുവനന്തപുരം പട്ടം സ്വദേശിയാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി ഹരികുമാര്‍ ചുമതലയേറ്റത്.
Post a Comment
0 Comments