കാസര്‍കോട് (www.evisionnews.in): ദേശീയപാത ആറുവരി വികസനത്തിന്റെ ഭാഗമായി ചന്ദ്രഗിരി പുഴയ്ക്കു കുറുകെ പുതിയ പാലം നിര്‍മിക്കുന്നതിനുള്ള ആദ്യ ഘട്ട ജോലി തുടങ്ങി. തെക്കില്‍ പാലത്തിന് 5 മീറ്റര്‍ അകലെ പടിഞ്ഞാറു ഭാഗത്താണ് പുതിയ പാലം നിലവില്‍ വരിക. ഇതിനുള്ള പില്ലര്‍ പൈലിങ് ജോലിക്കു മുന്നോടിയായി തെങ്ങു കുറ്റി നാട്ടി മണ്ണ് പൈലിങ് ആണ് ആരംഭിച്ചത്. ദേശീയപാതയുടെ രണ്ടാം റീച്ചാണിത്. നിലവിലുള്ള പാലത്തില്‍ നിന്ന് 20 മീറ്റര്‍ അകലെ 25 മീറ്റര്‍ വീതിയിലും 130 നീളത്തിലും ആണ് തെങ്ങു കുറ്റി നാട്ടുക.
ഇതില്‍ മണ്ണു നിറച്ച് നിര്‍മാണ ആവശ്യ സൗകര്യത്തിനു വാഹന സഞ്ചാര പാത ഒരുക്കും. തെങ്ങു കുറ്റി തടത്തില്‍ രണ്ട് അറ്റത്ത് 50 മീറ്റര്‍ വീതം നീളത്തില്‍ മണ്ണ് നിറച്ച് മധ്യത്തില്‍ 30 മീറ്റര്‍ അകലത്തില്‍ പുഴ ഒഴുകുന്നതിനു സൗകര്യം ഒരുക്കും. മണ്ണുമാന്തി യന്ത്ര സഹായത്തോടെയാണ് നിര്‍മിതി. 10 മീറ്റര്‍ നീളമുള്ള തെങ്ങിന്‍കുറ്റിയാണു പുഴയില്‍ ആഴത്തില്‍ സ്ഥാപിക്കുന്നത്. 3 മാസം വേണ്ടിവരും മണ്ണ് പൈലിങ് പൂര്‍ത്തിയാകാന്‍. മേഘ കണ്‍സ്ട്രക്?ഷന്‍ കമ്പനി ആറുവരിപ്പാത വികസനം ഏറ്റെടുത്ത ചെങ്കള നീലേശ്വരം പരിധിയിലെ ആദ്യ പാലം ആയിരിക്കും ഇത്. നിര്‍ദിഷ്ട ചെര്‍ക്കള ഫ്‌ലൈ ഓവര്‍ കഴിഞ്ഞാണ് ഈ പാലം. ബ്രിട്ടിഷ് കമ്പനിയാണ് 1950ല്‍ തറക്കല്ലിട്ട് 1953ല്‍ ഉദ്ഘാടനം ചെയ്ത നിലവിലെ തെക്കില്‍ പാലം സ്ഥാപിച്ചത്. നിലവിലുള്ള ദേശീയപാത കടന്നു പോകുന്നത് ഈ പാലത്തിലൂടെയാണ്.
തലപ്പാടി െചര്‍ക്കള റീച്ചിലെ ഹൊസങ്കടി വരെയുള്ള ഭാഗത്തെ മരങ്ങള്‍ മുറിച്ചു മാറ്റി. റോഡിന്റെ വശങ്ങള്‍ ലെവല്‍ ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. നഷ്ടപരിഹാരത്തുക ലഭിച്ചതോടെ കെട്ടിടങ്ങളും പൊളിച്ചു നീക്കി. മംഗളൂരു വഴി കേരളത്തില്‍ പ്രവേശിക്കുന്ന ആദ്യ റീച്ചിന്റെ നിര്‍മാണ ജോലികള്‍ വൈകരുതെന്ന നിര്‍ബന്ധം കരാര്‍ കമ്പനിക്കുമുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിക്കാണ് തലപ്പാടിചെങ്കള റീച്ചിന്റെ നിര്‍മാണ കരാര്‍. മരം മുറിക്കുന്ന സ്ഥലങ്ങളില്‍ കെഎസ്ഇബി ലൈനുകള്‍ ഓഫ് ചെയ്യേണ്ട സാഹചര്യമുണ്ട്. അതിനാല്‍ ആദ്യ ഘട്ടത്തില്‍ ഓരോ ദിവസവും ഓരോ സ്ഥലത്തായിരുന്നു മരം മുറിച്ചു നീക്കിയിരുന്നത്. 39 കിലോമീറ്ററാണ് ആദ്യ റീച്ചിന്റെ ദൈര്‍ഘ്യം. 45 മീറ്ററാണ് വീതി.
തലപ്പാടി -ചെങ്കള റീച്ചില്‍ കാസര്‍കോട് നഗരത്തിലും ചെര്‍ക്കള ഗവ. സ്‌കൂള്‍ പരിസരത്തു നിന്നു തുടങ്ങി ചെര്‍ക്കള ജംക്ഷന്‍ വരെയുളള 400 മീറ്റര്‍ വരെ ദൂരത്തിലും ഫ്‌ലൈ ഓവര്‍ പണിയും. മഞ്ചേശ്വരം, ഹൊസങ്കടി, ബന്തിയോട്, ആരിക്കാടി, കുമ്പള, മൊഗ്രാല്‍, ചൗക്കി, വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ അടിപ്പാത നിര്‍മിക്കും. ബിസി റോഡ്, നായന്മാര്‍മൂല, നാലാം മൈല്‍ തുടങ്ങിയ സ്ഥലങ്ങളിലും അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Post a Comment
0 Comments