മഞ്ചേശ്വരം (www.evisionnews.in): അന്യ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്കും സുപ്രീം കോടതി നിഷ്‌കര്‍ഷിച്ച സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് മുഖ്യമന്ത്രിക്കും കേരള ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി. കോവിഡ് ബാധിച്ച് കാസര്‍കോട് ജില്ലയിലെ പലരുടെയും മരണം മംഗളൂരുവിലെ വിവിധ ആശുപത്രികളിലാണ്. കൃത്യമായ വെന്റിലേറ്റര്‍
സൗകര്യമില്ലാത്തതും അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളുടെ കുറവുമൂലവും മഞ്ചേശ്വരം മണ്ഡലം ഉള്‍പ്പെടെ മലബാര്‍ മേഖലയില്‍ പല ആളുകളും കോവിഡ് ചികിത്സയ്ക്കായി കര്‍ണാടകയിലെ മംഗളൂരുവിനെയാണ് ആശ്രയിച്ചത്. ഇതില്‍ പല ആളുകളും ഇവിടെത്തെ ഹോസ്പിറ്റലില്‍ മരണപ്പെടുകയും ചില ആളുകള്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ എത്തി മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ഇവരില്‍ ആര്‍ക്കും സാധിക്കുന്നില്ല. മംഗളൂരുവില്‍ മരണപ്പെട്ട ആളുകളുടെ പേരുവിവരങ്ങള്‍ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുമില്ല. അതിനാല്‍ ഇവര്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് അര്‍ഹത ഉണ്ടായിട്ടും അപേക്ഷ സമര്‍പ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കര്‍ണാടക സര്‍ക്കാരിന്റെ ലിസ്റ്റിലും ഇവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. കേരളത്തിന് പുറത്ത് കോവിഡ് ബാധിച്ച് മരണപ്പെടുകയും പിന്നീട് ബോഡി കേരളത്തില്‍ മറവു ചെയ്യുകയും ചെയ്ത ആളുകളുടെ പേര് വിവരങ്ങള്‍ കൂടി കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും എംഎല്‍എ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി.
Post a Comment
0 Comments