ദേശീയം (www.evisionnews.in): കേരളത്തില്‍ ഇപ്പോള്‍ സ്‌കൂള്‍ തുറക്കാന്‍ പറ്റിയ സാഹചര്യമാണോ എന്ന് സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സംശയം പ്രകടിപ്പിച്ചത്. ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേരളത്തിലും മഹാരാഷ്ട്രയിലും സ്‌കൂള്‍ തുറക്കണമെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.
സ്‌കൂളുകള്‍ തുറക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കണമെന്ന ആവശ്യത്തില്‍ ഉത്തരവിറക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സങ്കീര്‍ണമായ വിഷയമാണെന്നും, സര്‍ക്കാരുകള്‍ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഭരണനിര്‍വഹണം സുപ്രീംകോടതിക്ക് ഏറ്റെടുക്കാനാകില്ല. തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
ഡല്‍ഹി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കൊറോണ കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മുതല്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഇത് വിദ്യാര്‍ത്ഥികളില്‍ മാനസികമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുനതായും 12 വയസ്സുള്ള അമര്‍ പ്രേം പ്രകാശ് കോടതിയില്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ട്. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ല.