കേരളം (www.evisionnews.in): വ്യാജ പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്‍ പരാതിക്കാരെ ചതിക്കാന്‍ ലക്ഷ്യമുണ്ടായിരുന്നെന്ന് എറണാകുളം സിജെഎം കോടതി. പ്രതി കുറ്റം ചെയ്‌തെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. മോന്‍സന്റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് സിജെഎം കോടതിയുടെ വിലയിരുത്തല്‍. പ്രതി തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഒളിവില്‍ പോകാനുമുള്ള സാദ്ധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
രാഷ്ട്രീയ നേതാക്കളിലും ഉന്നത ഉദ്യോഗസ്ഥരിലും പ്രതിക്ക് വലിയ സ്വാധീനമുണ്ടെന്ന പ്രോസിക്ക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. 10 കോടി രൂപ തട്ടിയെടുത്തെന്ന പരാതി സിവില്‍ സ്വഭാവത്തിലുള്ള കേസാണെന്നാണ് മോന്‍സന്റെ വാദം.
അതേസമയം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്‍സണെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ വൈകിട്ടോടെയാണ് മോന്‍സണെ ക്രൈം ബ്രാഞ്ചിന് കസ്റ്റഡിയില്‍ ലഭിച്ചത്. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. കസ്റ്റഡി തീരുന്നതിന് മുമ്പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
Post a Comment
0 Comments