കാസര്‍കോട് (www.evisionnews.in): സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പൊതുമേഖലയില്‍ നിന്നു മേറ്റെടുത്ത കാസര്‍കോട്ടെ ഇഎംഎല്‍ കമ്പനി നവംബര്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കമ്പനി സിഎംഡിയുമായ എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഏറ്റെടുക്കലിന് ശേഷമുള്ള തുടര്‍നടപടികളുടെ ഭാഗമായി കാസര്‍കോട്ടെത്തിയ അദ്ദേഹം തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. ഇഎംഎല്‍ കമ്പനിയുടെ നിലവിലുള്ള ബാധ്യതകള്‍ പരിഹരിക്കുന്നതും തൊഴിലാ ളികളുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിലൂം വിശദമായ ചര്‍ച്ച നടന്നു. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് ഉപയോഗിച്ച് ബാധ്യത പരിഹരിക്കുന്നതിനൊപ്പം പ്രവര്‍ത്തനമൂലധനം കണ്ടെത്താനും സാധിക്കും. കെല്ലിന്റെ ഉപയൂണിറ്റായാണോ കെല്ലിന്റെ ഭാഗമായാണോ കമ്പനി പ്രവര്‍ത്തിക്കുകയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ അടച്ചിട്ടിരിക്കുന്ന കമ്പനിയിലെ അറ്റകുറ്റപ്പണികളെല്ലാം വേഗത്തില്‍ തീര്‍ക്കും. നവംബര്‍ ഒന്നിന് തുടങ്ങി ഘട്ടംഘട്ടമായി കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണ തോതിലെത്തുമെന്നും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. തൊഴിലാളികളുടെ ശമ്പളകുടിശികയടക്കമുള്ള കാര്യങ്ങളില്‍ 15 ദിവസത്തിനള്ളില്‍ അനുകൂല തീരുമാനമുണ്ടാക്കാനായി ഉപസമിതി രൂപീകരിക്കും.
സെപ്റ്റംബര്‍ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഎംഎല്‍ കമ്പനിയുടെ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് 16ന് വ്യവസായ മന്ത്രി പി രാജീവും 22ന് കെല്‍ അധികൃതരുമായി കൊച്ചിയിലും തൊഴിലാളി സംഘടനകള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കാസര്‍കോട്ടെത്തി തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി വ്യവസായ വകുപ്പ് സെക്രട്ടറി ചര്‍ച്ച നടത്തിയത്.
ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കെല്‍ എംഡി കേണല്‍ ഷാജി വര്‍ഗീസ്, കാസര്‍കോട്ടെ യൂണിറ്റ് മേധാവി ജോസി കുര്യാക്കോസ്, എച്ച്ആര്‍ മേധാവി വിഎസ് സന്തോഷ്, ഭെല്‍ ഇഎംഎല്‍ എംഡി ടിഎസ് ചക്രവര്‍ത്തി, തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ പികരുണാകരന്‍, ടികെരാജന്‍, കെപിമുഹമ്മദ് അഷ്റഫ്, എ വാസുദേവന്‍, കെജിസാബു, വി രത്നാകരന്‍, പിഎം അബ്ദുല്‍ റസാഖ്, വി പവിത്രന്‍,
ടിവി ബേബി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Post a Comment
0 Comments