കേരളം (www.evisionnews.in): സംസ്ഥാനത്ത് നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ സ്‌കൂള്‍ തുറക്കാനുള്ള സാഹചര്യമായിട്ടില്ലെന്നും രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടില്ല. സര്‍ക്കാരെടുക്കുന്നത് വ്യവസ്ഥയില്ലാത്ത തീരുമാനങ്ങളാണ്. സര്‍ക്കാര്‍ ഇതൊരു ദുരഭിമാന പ്രശ്‌നമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂള്‍ തുറക്കാനുള്ള അന്തിമ മാര്‍ഗരേഖ അഞ്ചുദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്.
പാലാ ബിഷപ്പിനോട് മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് പറഞ്ഞത് ശരിയല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോവിഡ് കാലത്തെ സര്‍ക്കാര്‍ പിന്തുണയുള്ള ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. നാര്‍കോടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ മതംതിരിച്ചുള്ള കണക്ക് പുറത്തുവിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post a Comment
0 Comments