കാസര്‍കോട് (www.evisionnews.in): മേല്‍പറമ്പ ദേളിയിലെ സ്വകാര്യ സ്‌കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് സഹാന സ്വന്തം ഭവനത്തില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സഅദിയ സ്‌കൂളിലെ അധ്യാപകന്‍ ആദൂര്‍ സിഎ നഗര്‍ സ്വദേശി എ ഉസ്മാനെ(25) പോലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ ഡിവൈഎസ്പി സികെസുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മേല്‍പറമ്പ സിഐ ടിഉത്തംദാസ്, എസ്‌ഐ വിജയന്‍, എന്നിവര്‍ പ്രതിക്കായി ആദൂര്‍, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര ഭാഗങ്ങളില്‍ അന്വേഷണം നടത്തി വരവെ, മുംബൈയിലെത്തിയ പ്രതിയെ അന്വേഷണ സംഘം വലയിലാക്കുകയായിരുന്നു.
ഞായറാഴ്ച ബേക്കല്‍ സബ് ഡിവിഷന്‍ ഓഫീസിലെത്തിച്ച പ്രതിയെ ഡിവൈഎസ്പി സികെ സുനില്‍ കുമാര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് സയ്യിദ് മന്‍സൂര്‍ തങ്ങളുടെ പരാതിയില്‍ ആദ്യം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മേല്‍പറമ്പ പോലീസ്, അന്വേഷണ മധ്യേ പ്രതിയുടെ പേരില്‍ പോക്‌സോ നിയമവും ബാലനീതി നിയമവും കൂടാതെ ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ മരണ വിവരം അറിഞ്ഞ ഉടന്‍ തന്നെ പ്രതി കര്‍ണാടകത്തിലേക്ക് കടന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി പിബി രാജീവിന്റെ നിര്‍ദ്ദേശപ്രകാരം മേല്‍പറമ്പ എസ് ഐ വികെ വിജയന്‍, എഎസ്‌ഐ അരവിന്ദന്‍, ജോസ് വിന്‍സന്റ് എന്നിവര്‍ ബാംഗ്ലൂര്‍ എത്തി കര്‍ണാടക പോലീസിന്റെ സഹായത്തോടെ ദിവസങ്ങളോളം പരിശോധന നടത്തിയിരുന്നു.
അതിനിടയില്‍ പ്രതി മഹാരാഷ്ട്രയിലേക്ക് കടന്ന് വിദേശത്തേക്ക് പോകാനായി ശ്രമം നടത്തുന്നതായി മനസ്സിലാക്കിയ അന്വേഷണ സംഘം തന്ത്രപൂര്‍വം ഒരുക്കിയ വലയില്‍ പ്രതി കുടുങ്ങുകയായിരുന്നു.