കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച് ഒമ്പതു മാസം പിന്നിടുമ്പോള്‍ 18 വയസിന് മുകളിലുള്ള എല്ലാ വിഭാഗത്തിലുമായി 94.47 ശതമാനം പേര്‍ ആദ്യ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. വാക്‌സിനേഷന്‍ 95 ശതമാനം കടക്കുന്നത് വഴി കോവിഡിനെതിരെ ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാമെന്നതിനാല്‍ 18നും 44നും ഇടയില്‍ പ്രായമുള്ളവരില്‍ ആദ്യഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ലക്ഷ്യ മിടുന്നത്. 45-60 വയസുള്ളവരില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാ നത്തിനടുത്താണ്.
കോവിഡ് പോസിറ്റീവ് ആയി 90 ദിവസം കഴിയാത്ത ആളുകളിലാണ് കുത്തിവെപ്പ് ബാക്കിയുള്ളത്. അതിഥി തൊഴിലാളികളായ 9502 പേരില്‍ 9217 പേരും (97 ശതമാനം) വാക്‌സിന്‍ സ്വീകരിച്ചു. പാലിയേറ്റീവ് രോഗികളില്‍ 96 ശതമാനവും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. എന്നാല്‍ 18നും 44നും ഇടയില്‍ പ്രായമുള്ളവരില്‍ 93 ശതമാനം പേര്‍ മാത്രമേ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളൂ. വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നവരില്‍ ബോധവത്കരണം നടത്തും.
രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് പോസിറ്റീവായവര്‍ ശതമാന കണക്കില്‍ കൂടുതല്‍ കാസര്‍കോട് ജില്ലയിലാണെന്ന് കലക്ടര്‍. 18നും 44നും ഇടയില്‍ പ്രായമുള്ളവരില്‍ 884പേര്‍ക്കും 45നും 60നും ഇടയില്‍ 1229 പേര്‍ക്കും 60വയസിന് മുകളില്‍ 758പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് സ്ഥിരീകരിച്ചു. അതിനാല്‍ വാക്‌സിനേഷന്‍ എടുത്തവരും മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങളില്‍ വീഴ്ച വരാതെ ശ്രദ്ധിക്കണമെന്നും ഒരു വിമുഖതയും കൂടാതെ വാക്‌സിനേഷന്‍ യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
പൊതുവില്‍ വാക്‌സിനേഷനില്‍ പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ അതാത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ച് നടപടികള്‍ ഊര്‍ജിതമാക്കും. യുവാക്കളെ വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമാക്കാന്‍ വിവിധ പദ്ധതികളും ജില്ലയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഒക്ടോബര്‍ നാലിന് കോളജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ എന്‍എസ്എസ് യൂണിറ്റുകളുടെ സഹായത്തോടെ വാക്‌സിനേഷന്‍ നടത്തും. കോവിഡ് വാക്‌സിന്‍ ജില്ലാതല നോഡല്‍ ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ (ആരോഗ്യം) അബ്ദുല്‍ ലത്തീഫ് മഠത്തില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Post a Comment
0 Comments