Type Here to Get Search Results !

Bottom Ad

അതിര്‍ത്തി മേഖലകളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു: ഒരാഴ്ചത്തെ രോഗ നിരക്ക് ഒരു ശതമാനത്തില്‍ താഴെ


കാസര്‍കോട് (www.evisionnews.in): ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി പരിശോധനാ ഫലം. തലപ്പാടിയില്‍ ആരംഭിച്ച ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലും താഴെയാണ്. ഇതിന് പുറമെ അതിര്‍ത്തി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനയിലും രോഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞു തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കിയതോടെയാണ് പൊതുജനങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാനാതിര്‍ത്തിയില്‍ കോവിഡ് പരിശോധനാ കേന്ദ്രം തുറന്നത്. ആരോഗ്യവകുപ്പിന് കീഴില്‍ സ്പൈസ് ഹെല്‍ത്താണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിലെ സ്രവപരിശോധനാ കേന്ദ്രത്തില്‍ പ്രതിദിനം 350 പരിശോധനകള്‍ വരെയാണ് നടക്കുന്നത്.

എന്നാല്‍ രോഗം സ്ഥിരീകരിക്കപ്പെടുന്നത് ചുരുക്കം പേര്‍ക്ക് മാത്രമാണ്. എല്ലാ കാര്യങ്ങള്‍ക്കും മംഗളൂരുവിനെ ആശ്രയിക്കേണ്ടി വരുന്ന അതിര്‍ത്തി പഞ്ചായത്തുകളില്‍പ്പെടുന്നവര്‍ക്കാണ് അതിര്‍ത്തിയിലെ പരിശോധനാ കേന്ദ്രം ഗുണം ചെയ്തത്. 72 മണിക്കൂര്‍ കാലാവധിയുള്ള പരിശോധന ഫലം മാത്രം പരിഗണിക്കുമ്പോള്‍ ഇവിടെ സൗജന്യമായി ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത് സാധാരണ

ക്കാര്‍ക്ക് ഏറെ ആശ്വാസമായി.

ജില്ലയുടെ അതിര്‍ത്തി പഞ്ചായത്തുകള്‍ക്കപ്പുറമുള്ളവര്‍ ആസ്പത്രിയടക്കമുള്ള അവശ്യസേവനങ്ങള്‍ക്കാണ് അതിര്‍ത്തി കടന്നുപോകുന്നത്. അതുകൊണ്ട് തന്നെയും തലപ്പാടിയില്‍ കൂടുതല്‍ പരിശോധനക്കെത്തുന്നതും അതിര്‍ത്തി മേഖലയിലുള്ളവരാണ്. ഇവിടുത്തെ കഴിഞ്ഞ ഒരാഴ്ചത്തെ രോഗ സ്ഥിരീകരണ നിരക്ക് ഒരു ശതമാനത്തില്‍ താഴെ. 0.847 ശതമാനം.

2006പേര്‍ പരിശോധനക്കെത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ച് 17 പേര്‍ക്ക് മാത്രം. പരിശോധന ആരംഭിച്ച ഓഗസ്റ്റ് മൂന്നിന് 303 പേര്‍ പരിശോധനക്കെത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. ഓഗസ്റ്റ് നാലിന് 352ല്‍ നാല് പേരും അഞ്ചിന് 323ല്‍ മൂന്ന് പേരിലുമാണ് രോഗബാധ കണ്ടെത്തിയത്. ആറിന് 275ല്‍ രണ്ടു പേരിലും ഏഴിന് 247ല്‍ രണ്ട് പേരിലും വൈറസ് സാന്നിധ്യം കണ്ടെത്തി. എട്ടിന് 193ല്‍ രണ്ട് പേര്‍ക്കും ഒമ്പതിന് 313ല്‍ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൊതുവില്‍ അതിര്‍ത്തി മേഖലകളില്‍ രോഗ തീവ്രത കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലങ്ങള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad