ദുബൈ (www.evisionnews.in): ഒളിമ്പിക് മെഡല്‍ നേട്ടത്തിലൂടെ മലയാളികള്‍ക്ക് അഭിമാനമായ പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുവ പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ചരിത്ര മെഡല്‍ നേട്ടത്തിന് ശേഷം ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചത് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലാണ്. ഹോക്കി ടീമിന്റെ അഭിമാനവിജയത്തിന് ശ്രീജേഷ് വഹിച്ച നിര്‍ണ്ണായക പങ്കിനുള്ള സമ്മാനമാണിതെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു.
ടോക്യോയില്‍ ജര്‍മ്മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്റെ മിന്നും പ്രകടനത്തിനും, ഹോക്കിയിലെ സമര്‍പ്പണത്തിനുമുള്ള അംഗീകാരമായാണ് പാരിതോഷികം. ഒളിമ്പിക് മെഡല്‍ നേട്ടത്തില്‍ ഇന്ത്യയുടെ കോട്ടകാത്ത ശ്രീജേഷിന് രാജ്യമെമ്പാടുനിന്നും അഭിനന്ദന പ്രവാഹമെത്തുന്നതിനിടെയാണ് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ബിസിസിഐ അടക്കമുള്ള കായിക സമിതികള്‍ ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പാരിതോഷികമാണ് ഡോ ഷംഷീര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ. ടോക്യോയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ശ്രീജേഷിനെ ദുബായില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടാണ് ഡോ. ഷംഷീര്‍ സര്‍പ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. ടീമിന്റെ ചരിത്ര വിജയത്തില്‍ അഭിനന്ദനമര്‍പ്പിച്ച അദ്ദേഹം ശ്രീജേഷിന്റെ പ്രകടന മികവ് രാജ്യത്തെ ഹോക്കിയിലെ പുതു തലമുറയ്ക്കും വരും തലമുറകള്‍ക്കും പ്രചോദനമാകുമെന്നു പ്രതീക്ഷ പങ്കുവച്ചു.
Post a Comment
0 Comments