കാസര്‍കോട് (www.evisionnews.in): ഓണക്കിറ്റില്‍ വിതരണം ചെയ്ത ശര്‍ക്കര വരട്ടിയില്‍ തട്ടിപ്പ്. തൃക്കരിപ്പൂര്‍ മാണിയാട്ട് ഭാഗ്യധാരാ കുടുംബശ്രീയുടെ പേരില്‍ ഓണക്കിറ്റ് വഴി വിതരണം ചെയ്ത ശര്‍ക്കര വരട്ടിയിലാണ് തട്ടിപ്പ് നടന്നത്. കുടുംബശ്രീ അംഗങ്ങളുടെ അറിവില്ലാതെ വ്യാജ രജിസ്‌ട്രേഷന്‍ നമ്പരും വ്യാജ ലേബലും വെച്ചാണ് പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് കാല്‍ലക്ഷം ശര്‍ക്കര വരട്ടികള്‍ തയാറാക്കിയത് ഓണക്കിറ്റ് വഴി വിതരണം ചെയ്തത്.
വിവിധ കുടുംബശ്രീകളുടെ സഹകരണത്തോടെയാണ് കിറ്റിലേക്കുള്ള ശര്‍ക്കര വരട്ടി, അണ്ടിപ്പരിപ്പ് തുടങ്ങിയവ വിഭവങ്ങള്‍ സിവില്‍ സപ്ലൈസ് സമാഹരിച്ചത്. എന്നാല്‍ കുടുംബശ്രീ മിഷന്‍ ക്ഷണിച്ച അപേക്ഷയില്‍ ഭാഗ്യാധാരാ കുടുംബശ്രീ ഉള്‍പ്പെട്ടിരുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. രണ്ടുദിവസം മുമ്പ് റേഷന്‍ കടയില്‍ വിതരണം ചെയ്ത ഓണക്കിറ്റുകളില്‍ തങ്ങളുടെ കുടുംബശ്രീയുടെ ലേബലിലുള്ള ശര്‍ക്കര വരട്ടി പായ്ക്കറ്റ് കണ്ടതോടെയാണ് അംഗങ്ങള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇങ്ങനെ ഒരു ഇനം കുടുംബശ്രീ വഴി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നല്‍കിയിട്ടില്ലെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഓണക്കിറ്റ് വിതരണം തുടങ്ങിയതിന് പിന്നാലെയാണ് കുടുംബശ്രീയില്‍ അംഗങ്ങളായവര്‍ ഇക്കാര്യം അറിയുന്നത്. ഭരണതലത്തില്‍ സ്വാധീനമുള്ളആരോ കുടുംബശ്രീയുടെ പേരില്‍ ശര്‍ക്കര ഉപ്പേരിയുണ്ടാക്കി ഒണക്കിറ്റ് വഴി വില്‍പ്പന നടത്തുകയായിരുന്നുവെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ ആരോപണം. കുടുംബശ്രീയുടെ രജിസ്ട്രേഷന്‍ നമ്പരാണ് ലേബലിലുള്ളത്. എന്നാല്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരാവട്ടെ പ്രസിഡന്റിന്റെയോ സെക്രട്ടറിയുടേയോ അല്ല. തങ്ങളുടെ തങ്ങളുടെ കുടുംബശ്രീയുടെ പേരില്‍ തട്ടിപ്പ് നടത്തിയതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ് അംഗങ്ങള്‍. തങ്ങളുടെ പേരില്‍ വ്യാജമായി തയാറാക്കി ഓണക്കിറ്റ് വഴി വിതരണം ചെയ്ത വിഭവത്തിന് തങ്ങള്‍ ഉത്തരവാദിയല്ലെന്നും ഇതു സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റിന് ഇരുപത് അംഗങ്ങള്‍ ഒപ്പിട്ട് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, ഗുണമേന്മയില്ലാത്ത വിഭവങ്ങളാണ് കിറ്റ് വഴി വിതരണം ചെയ്യുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
Post a Comment
0 Comments