കാസര്‍കോട്: (www.evisiosionnews.in) പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി വെളുത്തോളിയിലെ സുബീഷ് സഞ്ചരിച്ച ബൈക്കാണ് കാണാതായത്.
ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്താന്‍ വെളുത്തോളിയില്‍ നിന്ന പ്രതി സുബീഷ് സഞ്ചരിച്ചെത്തിയ കെഎല്‍ 60 എല്‍ 5730 ഹോണ്ട ഷൈന്‍ മോട്ടോര്‍ ബൈക്ക് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിഎം പ്രദീപിന്റെ നേതൃത്വത്തില്‍ 2019 മെയ് 17നാണ് വെളുത്തോളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നത്. കൊലപാതകത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്ന സുബീഷ് നാട്ടിലേക്ക് തിരിച്ചുവരാന്‍ 2019 മെയ് 17ന് മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനോ വിശദമായി ചോദ്യം ചെയ്യാനോ ക്രൈംബ്രാഞ്ച് തയ്യാറാകാതിരുന്നത് സംശയത്തിനിട നല്‍കിയിരുന്നു. കസ്റ്റഡിയിലെടുത്ത ബൈക്ക് കാസര്‍കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയ ശേഷം ബേക്കല്‍ പൊലീസിന്റെ സുരക്ഷാ കസ്റ്റഡിയില്‍ ഏല്‍പ്പിച്ചിരുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
കേസില്‍ ഉള്‍പെട്ട 12 വാഹനങ്ങള്‍ ഏറ്റുവാങ്ങാന്‍ സി.ബി.ഐ എത്തിയപ്പോഴാണ് ഒരു ബൈക്ക് കാണാനില്ലെന്ന് വ്യക്തമായത്. ഇതോടെ 11 എണ്ണം തിങ്കളാഴ്ച കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫീസ് കോമ്പൗണ്ടില്‍ നിന്ന് സിബിഐ സംഘം ഏറ്റുവാങ്ങി. കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയ എട്ടാം പ്രതി സുബീഷിന്റെ ബൈക്ക് കാണാത്തതിനെ കുറിച്ചന്വേഷിച്ചപ്പോഴാണ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സുരക്ഷാകസ്റ്റഡിയിലുള്ളതായി ക്രൈം ബ്രാഞ്ച് സി.ബി.ഐയെ അറിയിച്ചത്. എന്നാല്‍ ബേക്കല്‍ സ്റ്റേഷനില്‍ സി.ബി.ഐ എത്തിയപ്പോള്‍ കോടതിയില്‍ ഹാജരാക്കാനായി ക്രൈംബ്രാഞ്ച് കൊണ്ടുപോയെന്നായിരുന്നു മറുപടി. ഒരു ദിവസത്തെ കസ്റ്റഡിയില്‍ മാത്രമാണ് ബൈക്ക് സൂക്ഷിച്ചിരുന്നതെന്നും മറ്റു വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിന് മാത്രമേ അറിയൂവെന്നും പൊലീസ് പറയുന്നു.
Post a Comment
0 Comments