Type Here to Get Search Results !

Bottom Ad

കോവിഡ് പ്രതിരോധം: ജില്ലയിലെ ചികിത്സാ സൗകര്യം വിപുലപ്പെടുത്തും


കാസര്‍കോട് (www.evisionnews.in): കോവിഡ് വ്യാപനം കൂടുതല്‍ ശക്തമായി പ്രതിരോധിക്കാന്‍ ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. അടിയന്തിര ആശുപത്രി ആവശ്യങ്ങള്‍ വന്നാല്‍ മംഗളുരുവിനെയും പരിയാരം മെഡിക്കല്‍ കോളേജിനെയും ആശ്രയിക്കുന്നതില്‍ നിന്നും പരിഹാരം കാണുന്നതിനും ജില്ലയില്‍ തന്നെ ടെര്‍ഷ്യറി കെയര്‍ ആസ്പത്രികള്‍ ഉണ്ടാകുന്നതിനും ലക്ഷ്യമിടുന്നു. ഇതിനായി ആരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സാ സംവിധാനങ്ങളെക്കുറിച്ച് വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ, ജനറല്‍ ആസ്പത്രികള്‍ വരെ രോഗികളുടെ കിടത്തി ചികിത്സയടക്കമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന. ഓക്സിജന്‍ കിടക്കകള്‍ ഉള്‍പ്പെടെ സജ്ജമാക്കുന്നതോടെ പ്രാദേശിക തലത്തില്‍ തന്നെ മികച്ച ചികിത്സ ലഭ്യമാക്കാനാവുന്ന നിലയിലാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ആണ് വേണ്ടതെന്ന് ആശൂപത്രി സൂപ്രണ്ടുമാരില്‍ നിന്നും കളക്ടര്‍ ചോദിച്ചറിഞ്ഞു. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ കെട്ടിടങ്ങളുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. അവയില്‍ കിടത്തി ചികിത്സയുള്‍പ്പെടെ പൂര്‍ണ തോതിലാകണമെങ്കില്‍ മനുഷ്യ വിഭവശേഷി വര്‍ധിപ്പിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നോട്ട് വെച്ചത്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവുകള്‍ നികത്തപ്പെടുന്നതിനൊപ്പം അഡഹോക് നിയമനങ്ങളും നടക്കണം.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.ആര്‍. രാജന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.വി. രാമദാസ്, സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.എ.ടി. മനോജ്, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, താലൂക്ക്, ജില്ലാ, ജനറല്‍, മെഡിക്കല്‍ കോളജ്, ടാറ്റ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad