മഞ്ചേശ്വരം (www.evisionnews.co): കൊലക്കേസിലും കവര്‍ച്ചാ കേസിലും പ്രതികളായ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ജെപ്പുനനഗറിലെ ഇസ്മായില്‍ (36), മണിമുണ്ടയിലെ തൗഫീഖ് (44) എന്നിവരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ സന്തോഷ് കുമാര്‍, അഡീ. എസ്‌ഐ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുമ്പ് തലപ്പാടി സ്വദേശിയും മഞ്ചേശ്വരം മച്ചംപാടിയില്‍ താമസക്കാരനുമായ മരംവ്യാപാരി ഇസ്മായിലിനെ ശ്വാസംമുട്ടിച്ച് കൊന്ന കേസിലെ പ്രതിയാണ് പിടിയിലായ ഇസ്മായിലെന്ന് പൊലീസ് പറഞ്ഞു. ഈമാസം 16ന് യുപി സ്വദേശികളെ അക്രമിച്ച് 26,000 രൂപ കവര്‍ന്ന കേസിലെ പ്രതിയാണ് തൗഫീഖ്. ഇസ്മായിലിനെ കര്‍ണാടകയില്‍വെച്ചും തൗഫീഖിനെ ഇന്നലെ പുലര്‍ച്ചെ ഉപ്പളയില്‍വെച്ചുമാണ് പിടികൂടിയത്.
ഒരു വര്‍ഷം മുമ്പ് ഇസ്മായിലിന്റെ ഭാര്യ ആയിഷയുടെ സഹായത്തോടെ മൂന്നംഗ സംഘം പുലര്‍ച്ചെ വീട്ടിലെത്തി ഉറങ്ങുകയായിരുന്ന ഇസ്മായിലിന്റെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തില്‍ ഇസ്മായിലിന്റെ ഭാര്യ ആയിഷ യേയും കാമുകന്‍ മുഹമ്മദ് ഹനീഫയേയും മറ്റൊരു പ്രതിയേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന യുപി സ്വദേശികളായ ബാര്‍ബര്‍ തൊഴിലാളികളെ അക്രമിച്ച് പണം കവര്‍ന്ന കേസിലാണ് തൗഫീഖിനെ അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതി ഇര്‍ഫാന്‍ എന്ന പപ്പുവും തൗഫീഖും ബദിയടുക്ക സ്വദേശിയും ചേര്‍ന്ന് യുപി സ്വദേശി ആലമിനെ തലക്കടിച്ച് വീഴ്ത്തുകയും മറ്റു രണ്ടു തൊഴിലാളികളെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമായിരുന്നു കവര്‍ച്ച. രണ്ടുപ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടുകേസുകളിലും മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.
Post a Comment
0 Comments