കാസര്‍കോട് (www.evisionnews.in): മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. വി ബാലകൃഷ്ണഷെട്ടി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. രാവിലെയാണ് ബാലകൃഷ്ണ ഷെട്ടി കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. കഴിഞ്ഞ രണ്ടുതവണയും അന്വേഷണ സംഘം നോട്ടീസയച്ചിട്ടും ബാലകൃഷ്ണ ഷെട്ടി ഹാജരായിരുന്നില്ല. മഞ്ചേശ്വരത്തെ ബിജെപിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് കൂടിയായിരുന്നു ബാലകൃഷ്ണ ഷെട്ടി.
മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥി യായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തുകയും പണവും ഫോണും നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതി സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ബാലകൃഷ്ണ ഷെട്ടിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈ അടക്കമുള്ള പ്രാദേശിക നേതാക്കളെയും യുവമോര്‍ച്ച നേതാവ് സുനില്‍ നായ്ക്കിനെയും ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. ബിജെപിയുടെ മറ്റൊരു നേതാവായ സുരേഷ്‌കുമാര്‍ഷെട്ടിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം വന്നില്ല. ആരോപണ വിധേയരായ മുഴുവന്‍ ബിജെപി നേതാക്കളെയും ചോദ്യം ചെയ്തതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണ
സംഘം പറഞ്ഞു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിലവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ മാത്രമാണ് പ്രതിചേര്‍ത്തിരിക്കുന്നത്. കെ സുരേന്ദ്രന് വേണ്ടിയാണ് കെ സുന്ദരക്ക് കോഴപ്പണം നല്‍കിയതെന്നായിരുന്നു പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. കോഴ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ കെ സുന്ദര അടക്കമുള്ള സാക്ഷികളുടെ രഹസ്യമൊഴി ഈയിടെ കോടതി രേഖപ്പെടുത്തിയിരുന്നു.
Post a Comment
0 Comments