Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളജിലും ജില്ലാ ആസ്പത്രിയിലും ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നു


കാസര്‍കോട് (www.evisionnews.in): ജില്ലാ ആസ്പത്രിയിലും ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലും പ്രെഷര്‍ സ്വിംഗ് അഡ്സോര്‍പ്ഷന്‍ (പി.എസ്.എ) ടെക്നോളജിയിലുള്ള മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നു. ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പെട്രോളിയം- പ്രകൃതി വാതക മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം പെട്രോനെറ്റ് എല്‍എന്‍ജിയും ജില്ലാ ആസ്പത്രിയില്‍ ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ)യുമാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക.

പെട്രോനെറ്റ് എല്‍എന്‍ജി മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കുന്ന ഓക്സിജന്‍ പ്ലാന്റിന്റെ സിവില്‍ വര്‍ക്കുകള്‍ക്കായി ജില്ലാ നിര്‍മിതി കേന്ദ്രം സമര്‍പ്പിച്ച എസ്റ്റിമേറ്റ് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുവാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. അതോറിറ്റി ചെയര്‍പേഴ്സന്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ദേശീയപാത അതോറിറ്റി ജില്ലാ ആസ്പത്രിയില്‍ സ്ഥാപിക്കുന്ന ഓക്സിജന്‍ പ്ലാന്റിന്റെ സിവില്‍ പ്രവൃത്തികള്‍ക്കുള്ള പ്രൊപ്പോസല്‍ ലഭ്യമാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനും തീരുമാനമായി. 

ഓക്സിജന്‍ സിലിണ്ടര്‍ ചാലഞ്ചിനായി കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടില്‍ ലഭിച്ച തുക ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറും. ഓര്‍ഡര്‍ നല്‍കിയ സിലിണ്ടറുകള്‍ക്ക് ആവശ്യമായി വരുന്ന ബാക്കി തുക അനുവദിക്കും. ജില്ലയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനായി ലാബ് ടെക്നീഷ്യന്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, സ്റ്റാഫ് നഴ്സ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച നിരക്കില്‍ ശമ്പളം നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണ്‍ന്‍, എഡിഎം എ.കെ രമേന്ദ്രന്‍, ഡിഎംഒ (ആരോഗ്യം) ഡോ. കെആര്‍ രാജന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad