Type Here to Get Search Results !

Bottom Ad

കർണ്ണാടക യാത്രാ നിരോധനം: മുഖ്യമന്ത്രി ഇടപെടണമെന്ന് മുസ്ലിം ലീഗ്


കാസർകോട്: (www.evisionnews.in)കോവിഡ് വ്യാപന നിയന്ത്രണത്തിൻ്റെ ഭാഗമായി കർണ്ണാടക സർക്കാർ തലപ്പാടി അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ചതിനാൽ മംഗലാപുരത്തെ ആശ്രയിക്കുന്ന നൂറ് കണക്കിൽ രോഗികളും വിദ്യാർത്ഥികളും കച്ചവടക്കാരും തൊഴിലാളികളും കടുത്ത ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്ക് പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയ സാഹചര്യത്തിൽ തലപ്പാടി അതിർത്തി പ്രദേശത്ത് കർണ്ണാടക പോലീസ് അധികാരികൾ മലയാളികളെ തടയുകയും സംഘർഷം സൃഷ്ടിക്കുകയുമാണ്. കാസർകോട് ജില്ലയിൽ നിന്ന് നൂറ് കണക്കിന് രോഗികളാണ് ദിവസേന മംഗലാപുരത്ത് ചികിത്സ തേടിയെത്തുന്നത്. ഉപരി പഠനത്തിനായി ജില്ലയിലെ വിദ്യാർത്ഥികൾ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. കച്ചവടക്കാരും തൊഴിലാളികളുമായ ധാരാളം പേരും അതിർത്തി പ്രദേശങ്ങളിലെ ഒട്ടനവധി സർക്കാർ ജീവനക്കാരും ദിവസവും മംഗലാപുരത്തേക്ക് യാത്ര ചെയ്യുന്നവരാണ്. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഇവരെയെല്ലാം അതിർത്തി പ്രദേശങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും തടഞ്ഞ് വെക്കുകയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമാണ്. അത്യന്തം ഗൗരവമായ ഈ ദുരവസ്ഥക്ക് അടിയന്തിര പരിഹാരം ഉണ്ടാവണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച മെയിൽ സന്ദേശത്തിൽ അബ്ദുൾ റഹ്മാൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad