കാസര്‍കോട് (www.evisionnews.in): വ്യാപാരിയെ വിവാഹ കെണിയില്‍ കുടുക്കി പണവും സ്വര്‍ണവും വിലപിടിപ്പുള്ള മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി നെല്ലിമല ഹൗസിലെ അഷ്റഫ് (51), കുമ്പള ചായിന്റടി ഹൗസിലെ അബ്ദുല്‍ ഹമീദ് (65) എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ പിടിയിലായ യുവതികള്‍ അടക്കമുള്ള നാലു പേരും റിമാണ്ടിലാണ്. കൊച്ചി കടവന്ത്രയിലെ വ്യാപാരി സി.എ സത്താറിന്റെ പണവും സ്വര്‍ണവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് ചെയ്തത്. ഉമ്മര്‍ (41), ഭാര്യ ഫാത്തിമ (35), നായന്മാര്‍മൂലയിലെ സാജിദ (30), കണ്ണൂര്‍ ചെറുതാഴത്തെ ഇക്ബാല്‍ (42) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഹൊസ്ദുര്‍ഗ് എസ്.ഐ. കെ.പി സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാജിദ സത്താറുമായി സൗഹൃദമുണ്ടാക്കി കെണിയില്‍പ്പെടുത്തുകയായിരുന്നു. ഉമ്മര്‍-ഫാത്തിമ ദമ്പതികളുടെ മകളാണെന്ന് പരിചയപ്പെടുത്തി സാജിദയെ സത്താറിന് വിവാഹം ചെയ്തുകൊടുത്തു. ഇക്ബാലാണ് സത്താറിനെ ഉമ്മറുമായി ബന്ധപ്പെടുത്തിയത്. തുടര്‍ന്ന് ഇവരെ കല്ലഞ്ചിറയിലെ വാടകവീട്ടില്‍ താമസിപ്പിച്ചു. സത്താറിന് വേറെ ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞ പ്രതികള്‍ സാജിദയുടെ സഹായത്തോടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടു. മുന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴരപവന്റെ സ്വര്‍ണ്ണമാലയുമാണ് സംഘം തട്ടിയെടുത്തത്. വിവാഹം ചെയ്ത കാര്യം കൊച്ചിയിലെ ബന്ധുക്കള്‍ അറിയാതിരിക്കാനാണ് സത്താര്‍ പണം നല്‍കിയത്. എന്നാല്‍ പിന്നീട് വീണ്ടും അഞ്ച് ലക്ഷം ആവശ്യപ്പെട്ട് സത്താറിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്.
Post a Comment
0 Comments