Type Here to Get Search Results !

Bottom Ad

കര്‍ണാടക സര്‍ക്കാര്‍ നിലപാടിനെതിരെ സ്വാതന്ത്ര്യ ദിനത്തില്‍ മഞ്ചേശ്വരം എംഎല്‍എ ഉപവാസമിരിക്കും


മഞ്ചേശ്വരം (www.evisionnews.co): കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കര്‍ണ്ണാടക സര്‍ക്കാരിനെതിരെ സ്വാതന്ത്ര്യ ദിനത്തില്‍ ഏകദിന ഉപവാസമിരുന്ന് പ്രതിഷേധിക്കുമെന്ന് എകെഎം അഷ്റഫ് എംഎല്‍എ. 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന മഹത് സന്ദേശത്തെ കാറ്റില്‍ പറത്തിക്കൊണ്ട് സങ്കുചിതമായ രാഷ്ട്രീയ താത്പര്യത്തോടെ നാടുകളെ വിഭജിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ മഹത്തായ ഭാരതത്തിന്റെ സമഭാവനയുടെയും സഹിഷ്ണുതയുടെയും സംസ്‌കാരത്തിന്റെ കടക്കല്‍ കത്തിവെക്കുകയാണ്.

സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ വാക്സിനെടുത്തവരെ കോവിഡ് ടെസ്റ്റ് കൂടാതെ കടത്തി വിടണമെന്ന കേന്ദ്ര നിര്‍ദേശം പോലും നിരാകരിച്ച് കൊണ്ട് മലയാളികളോടും പ്രത്യേകിച്ച് കാസര്‍കോട് ജില്ലക്കാരോടും അവര്‍ വൈരാഗ്യ ബുദ്ധിയോടെ നടത്തുന്ന ഇത്തരം സമീപനം എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന ഭാരതത്തിനാകെ അപമാനമാണെന്ന് എകെഎം അഷ്റഫ് പറഞ്ഞു.

വിദ്യാര്‍ത്ഥികളും രോഗികളും ചെറുകിട വ്യാപാരികളും തൊഴിലാളികളുമുള്‍പ്പെടെ ദിനേനയുള്ള പതിനായിരക്കണക്കിന് യാത്രക്കാരെ ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ നിരാകരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ പൊതു ജനങ്ങള്‍ക്കിടയില്‍ കേരളീയര്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. കര്‍ണാടകയില്‍ കോവിഡ് പരക്കുന്നത് കേരളീയരില്‍ നിന്നാണെന്ന കുപ്രചാരണത്തിലൂടെ കേരള വിരുദ്ധ ധ്രുവീകരണ രാഷ്ട്രീയവും യഥാര്‍ത്ഥ വസ്തുതയില്‍ നിന്ന് കര്‍ണാടക ജനങ്ങളുടെ ശ്രദ്ധ തിരിക്കലുമാണ് ഭരണവര്‍ഗ്ഗം ലക്ഷ്യം വെക്കുന്നതെന്ന് എകെഎം ആരോപിച്ചു. തലപ്പാടി അതിര്‍ത്തിയില്‍ നടക്കുന്ന ഉപവാസ സമരം രാവിലെ പത്തരക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സമരമെന്ന് എംഎല്‍എ അറിയിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad