Type Here to Get Search Results !

Bottom Ad

വളര്‍ത്തു പശുവിന്റെ കുത്തേറ്റ് അധ്യാപകന് ദാരുണാന്ത്യം


കാസര്‍കോട് (www.evisionnews.co): വീട്ടിലെ തൊഴുത്തില്‍ പശുവിനെ പരിപാലിക്കുന്നതിനിടെ പശുവിന്റെ കുത്തേറ്റ് അധ്യാപകന് ദാരുണാന്ത്യം. ചെറുവത്തൂര്‍ ബിആര്‍സിയിലെ ഭിന്നശേഷികുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ എജുക്കേറ്റര്‍ സി രാമകൃഷ്ണന്‍ (54) ആണ് മരിച്ചത്. അടിവയറ്റിന് കുത്തേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണന്‍ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.

സംസ്ഥാനത്താകെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി ഏറെ യത്‌നിച്ച രാമകൃഷ്ണന്‍ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്നു. ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ സംഘടന, സമഗ്ര ശിക്ഷയിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള അധ്യാപകരുടെ സംഘടന എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കി. സൈമണ്‍ ബ്രിട്ടോവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമഗ്ര ശിക്ഷയിലെ അധ്യാപക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.ഭിന്ന ശേഷിക്കാര്‍ക്കായി കാസര്‍കോട്ട് സംസ്ഥാന കലോത്സവവും സംഘടിപ്പിച്ചിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 17 വര്‍ഷക്കാലം ജോലി ചെയ്യവെ ഭിന്നശേഷിക്കാര്‍ക്ക് പുറമെ പഞ്ചായത്തിലെ ദുരിതമനുഭവിക്കുന്നയാളുകളുടെയൊക്കെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയിരുന്നു.

മൊഗ്രാല്‍ പുത്തൂരിലും എന്‍ഡോസള്‍ഫാന്‍ പാരിസ്ഥിതിക ദുരന്തം പേറുന്ന നിരവധിയാളുകളുണ്ടെന്ന് പഠനം നടത്തി പൊതുസമൂഹത്തെ അറിയിച്ചത് രാമകൃഷ്ണനായിരുന്നു. നിരവധി അവാര്‍ഡുകള്‍ നേടിയ അദ്ദേഹം സി പി ഐ എം കണ്ണാടിപ്പാറ ബ്രാഞ്ച് മെമ്പര്‍, കര്‍ഷക സംഘം വില്ലേജ് ഭാരവാഹി, സൈമണ്‍ ബ്രിട്ടോ ട്രസ്റ്റ് ചെയര്‍മാന്‍, കെ ആര്‍ ടി എ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ആനിക്കാട്ടിയിലെ പി കുഞ്ഞിരാമന്‍ നമ്പ്യാരുടെയും സി മീനാക്ഷിയമ്മയുടെയും മൂത്ത മകനാണ്. സഹോദരന്‍: രത്‌നാകരന്‍ (ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റര്‍, കാസര്‍കോട്)

Post a Comment

0 Comments

Top Post Ad

Below Post Ad