Type Here to Get Search Results !

Bottom Ad

മധൂര്‍ പഞ്ചായത്ത് ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളും കോവിഡിനെ തരണം ചെയ്ത് കച്ചവട സ്ഥാപനങ്ങളും മറ്റും തുറന്നുകൊടുത്ത് ജനങ്ങള്‍ സാധാരണ നിലയിലേക്ക് ജീവിതശൈലി മാറിക്കൊണ്ടിരിക്കുന്ന ഈയൊരു സാഹചര്യത്തിലും മധൂര്‍ പഞ്ചായത്ത് അടഞ്ഞുകിടക്കുകയാണ്. മധൂര്‍ പഞ്ചായത്ത് ഭരണസമിതി ആരോഗ്യ മേഖലയോട് കാണിക്കുന്ന തികഞ്ഞ അനാസ്ഥ തന്നെയാണ് ഇത്തരത്തില്‍ മധൂര്‍ പഞ്ചായത്തില്‍ ഇപ്പോഴും ടിപിആര്‍ റേറ്റ് 19നു മുകളില്‍ വരാനുള്ള കാരണം. കോവിഡ് രണ്ടാം തരംഗം തുടങ്ങിയ ഘട്ടത്തില്‍ തന്നെ യൂത്ത് ലീഗ് പഞ്ചായത്ത് ഭരണസമിതിയെ കണ്ടുകാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് വകയിരുത്തണം എന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയതാണ്. എന്നാല്‍ നാളിതുവരെയായി അതിനൊരു നടപടിയും ഉണ്ടായിട്ടില്ല.

കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മധൂര്‍ പഞ്ചായത്ത് ബിജെപി ഭരിക്കുന്നു. എന്നിട്ടും പഞ്ചായത്തില്‍ ആരോഗ്യ മേഖല ഇപ്പോഴും വളരെ പിറകിലാണ്. നാളിതുവരെയായി മധൂര്‍ പഞ്ചായത്ത് ആസ്ഥാനമായ ഉളിയത്തടുക്കയില്‍ ഒരു പിഎച്ച്‌സി സ്ഥാപിക്കാന്‍ ഈ ഭരണസമിതിക്ക് ആയിട്ടില്ല. ജനസംഖ്യാനുപാതികമായി പഞ്ചായത്തില്‍ രണ്ടു പിഎച്ച്‌സി എങ്കിലും അത്യാവശ്യമാണ്. എന്നാല്‍ നിലവില്‍ ഒരു പിഎച്ച്‌സി മാത്രമാണ് പ്രവര്‍ത്തിക്കുന്നത് അതും പഞ്ചായത്തിന്റെ അതിര്‍ത്തിയായ മായിപ്പാടിയിലാണ്. ആ പിഎച്ച്‌സിക്കു കീഴില്‍ ആവട്ടെ നിലവില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തിക ഇല്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഇതു വലിയ തടസമായി വരുന്നു. അതുപോലെ ജനസംഖ്യാനുപാതികമായി മധൂര്‍ പഞ്ചായത്തില്‍ ഏറ്റവും കുറഞ്ഞത് 10 ജെഎച്ച് ഐമാരെങ്കിലും അത്യാവശ്യമാണ്.

എന്നാല്‍ നിലവില്‍ മൂന്നു തസ്തികയാണുള്ളത്. അതില്‍ ഒരു ഒഴിവും നിലവിലുണ്ട്. അതുപോലെ ജെപിഎച്ച്എന്‍ ജനസംഖ്യാനുപാതികമായി പത്തെണ്ണം എങ്കിലും വേണം എന്നാല്‍ 5 തസ്തികയാണുള്ളത് അതിലൊന്ന് ഒഴിഞ്ഞുകിടക്കുന്നു.

അതുപോലെ പഞ്ചായത്തില്‍ കുറഞ്ഞത് 10 എഫ്ഡബ്ല്യുസി എങ്കിലും വേണം. നിലവില്‍ അഞ്ചു മാത്രമാണുള്ളത്. മധൂര്‍ പഞ്ചായത്ത് പിഎച്ച്‌സിയില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. വാക്‌സിന്‍ നല്‍കുന്ന ഈ സമയത്ത് ഡോക്ടറുടെ സാന്നിധ്യം അത്യാവശ്യമാണ്. എന്നാല്‍ നിലവില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിനൊക്കെയും അടിയന്തരമായി പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മധൂര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം മുസ്ലിംലീഗ് മധൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷിയാബ് പാറക്കെട്ട അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കലന്തര്‍ ശാഫി സ്വാഗതം പറഞ്ഞു. മുസ്തഫ പള്ളം നന്ദി പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഹനീഫ അറന്തോട്, എംഎ കലീല്‍, മുഹമ്മദ് കുഞ്ഞി ചൂരി, ആബിദ് പട്‌ല, അബ്ദുറഹ്‌മാന്‍ പുളിക്കൂര്‍ എന്നിവ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad