കാസര്‍കോട് (www.evisionnews.co): മുപ്പത് വര്‍ഷമായി വൈദ്യുതി ലഭിക്കാത്ത കുമ്പഡാജെ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ബാബുവിന്റെ വീട്ടില്‍ വൈദ്യുതി എത്തി. ഇനി പേരക്കുട്ടികളായ അശ്വിനിക്കും അശ്വതിനും വൈദ്യുതി വെളിച്ചത്തിലിരുന്ന് പഠിക്കാം. കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ വീട്ടിലെത്തിയ കുമ്പഡാജെ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മൗവ്വാര്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റുമായ ആനന്ദ കെ മൗവ്വാര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. വൈദ്യുതിയെത്തിക്കാന്‍ ഇടപെട്ട പൊതുപ്രവര്‍ത്തകന്‍ ഫാറൂഖ് കുമ്പഡാജയെ അഭിനന്ദിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീജ പി.വി, സ്റ്റാഫ് സെക്രട്ടറി വിഘ്‌നേശ ശര്‍മ എന്നിവരും വീട്ടിലെത്തിയിരുന്നു.
മക്കള്‍ പഠനം നടത്തുന്ന സ്‌കൂളിലെ അധ്യാപകര്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തിന്റെ ദയനീയ സ്ഥിതി പുറത്തറിഞ്ഞത്. അധ്യാപകരുടെ സഹായത്തോടെ ഓണ്‍ലൈന്‍ പഠനത്തിനു വേണ്ടി ഫോണ്‍ ലഭ്യമാക്കിയെങ്കിലും വൈദ്യുതി ഇല്ലാത്തത് വലിയ പ്രശ്‌നമായി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഫാറൂഖിന്റെ സഹായത്തോട വീട്ടിലെ വയറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുകയും വൈദ്യുതി കണക്ഷനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ബദിയടുക്ക വൈദ്യുത വകുപ്പ് ജീവനക്കാരും കുടുംബത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ അതിയായ താല്‍പര്യം കാണിച്ചതോടെ എളുപ്പത്തില്‍ കണക്ഷന്‍ ലഭ്യമാക്കാനുമായി.
അശ്വിനിയുടെയും അശ്വതിന്റെയും മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു താമസിക്കുന്നതിനാല്‍ പേരകുട്ടികളെ പരിപാലിക്കേണ്ട ചുമതല ബാബുവിനും ഭാര്യയായ ലക്ഷ്മിക്കുമാണ്. ലക്ഷ്മി ബീഡി തെറുത്തും തൊഴിലുറപ്പു പണിക്കു പോയും ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. പഞ്ചായത്തില്‍ നിന്നും വീടിനുള്ള ധനസഹായം പാസാക്കിയിട്ടുണ്ട്. എയുപി സ്‌കൂള്‍ മൗവ്വാറിലെ നാലും ആറും ക്ലാസുകളിലാണ് കുട്ടികള്‍ പഠിക്കുന്നത്. രണ്ടു വൈദ്യുത തൂണുകള്‍ സ്ഥാപിച്ച് കഴിഞ്ഞ ദിവസം വൈദ്യുതി കണക്ഷന്‍ എത്തിയതോടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് വീടിനകത്ത് കത്തിനിറഞ്ഞത്.
Post a Comment
0 Comments