കാസര്‍കോട് (www.evisionnews.co): ആലംപാടി ബാഫഖി നഗറില്‍ സ്ഥലവും വീടും കാണിച്ച് തന്റെ കയ്യില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി കുടുംബത്തെയും ഒപ്പം മറ്റു പലരെയും കബളിപ്പിച്ച സംഭവത്തില്‍ നീതി ലഭ്യമാക്കണമെന്ന് സാമ്പത്തിക തട്ടിപ്പിനിരയായ ബീഫാത്തിമ ഉമ്മയും പണം നഷ്ടപ്പെട്ട നസീറും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി തനിക്ക് വീടും സ്ഥലവും രജിസ്‌ട്രേഷന്‍ ചെയ്തു കിട്ടാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സൂപ്പര്‍ മാര്‍ക്കറ്റ് പാര്‍ട്ണറായ നൗഷാദ് എന്നയാള്‍ തന്റെ സഹോദരന്റെ ഭാര്യയുടെയും മറ്റൊരുസഹോദരന്റെ മകന്റെയും പേരിലുള്ള സ്ഥലത്തിന്റെ രേഖകള്‍ കാണിച്ചാണ് നൗഷാദിന്റെ പാര്‍ട്ണര്‍ വഴി മേല്‍പ്പറമ്പിലെ നസീര്‍, ഉളിയത്തടുക്ക സ്വദേശി മുഹമ്മദ് സമീര്‍ എന്നിവരില്‍ നിന്നും ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തത്. എന്നാല്‍ സ്ഥലത്തിനും വീടിനും നിശ്ചയിച്ച വിലയില്‍ നിന്നും അഡ്വാന്‍സ് തുക
കൈപ്പറ്റിയപ്പോള്‍ തനിക്ക് വീടിന്റെ താക്കോല്‍ നല്‍കി. തുടര്‍ന്ന് ബാക്കി കിട്ടാനുള്ള തുകയില്‍ നിന്നും ഭൂരിഭാഗവും കൈപ്പറ്റിയ ശേഷം ബാക്കി കിട്ടുന്ന മുറക്ക് ആധാരം എഴുതി തരാമെന്ന് പറഞ്ഞിരുന്നു.
കോവിഡ് ലോക്ഡൗണ്‍ കാരണം സ്റ്റാമ്പ് പേപ്പര്‍ കിട്ടാത്തതിനാല്‍ എഗ്രിമെന്റ് എഴുതി തരാന്‍ നിര്‍വാഹമില്ലെന്ന് നൗഷാദ് കൂടെയുള്ളവരും പറഞ്ഞ് വിശ്വസിപ്പിച്ചാണ് സൂപ്പര്‍ മാര്‍ക്കറ്റ് പാര്‍ട്ണര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. എന്നാല്‍ മേല്‍പറമ്പിലെ നസീറിനെ പൊലീസിനെ ഉപയോഗിച്ച് വീട്ടില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി, ജില്ലാ കലക്ടര്‍, കാസര്‍കോട് ഡിവൈഎസ്പി, വിദ്യാനഗര്‍ പൊലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല. താനും കുടുംബവും ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച് മകള്‍ക്ക് നല്‍കിയിരുന്ന സ്വര്‍ണം വിറ്റും മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിയുമാണ് വീടിനു വേണ്ടി പണം നല്‍കിയത്. ഇത് നഷ്ടപ്പെട്ടാല്‍ മറ്റൊരു വഴിയും ഞങ്ങള്‍ക്ക് മുന്നിലില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊണ്ടില്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്കും തട്ടിപ്പുനടത്തിയ സൂപ്പര്‍മാര്‍ക്കറ്റ് പാര്‍ട്ണറുടെ വീട്ടിലേക്കും അവരുടെ സഹായികളുടെ വീട്ടിലേക്കും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് അവര്‍ പറഞ്ഞു.
Post a Comment
0 Comments